ബീസിയില്‍ കാട്ടുതീ വ്യാപിക്കുന്നു; ഡോസണ്‍ ക്രീക്കിന് സമീപം 300 ല്‍ അധികം സ്ഥലങ്ങളില്‍ ഒഴിപ്പിക്കല്‍ ഉത്തരവ് പ്രഖ്യാപിച്ചു 

By: 600002 On: Jul 12, 2024, 10:45 AM

 


ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയും കാട്ടുതീ വ്യാപിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാല്‍ ബീസിയിലെ ഡോസണ്‍ ക്രീക്കിന് സമീപം 300 ല്‍ അധികം പ്രോപ്പര്‍ട്ടികളില്‍ ഒഴിപ്പിക്കല്‍ ഉത്തരവ് നല്‍കി. ചൊവ്വാഴ്ച ടപ്പര്‍ ക്രീക്കില്‍ കാട്ടുതീ വ്യാപിപ്പിച്ചിരുന്നു. ഇത് 1.2 ചതുരശ്ര കിലോമീറ്ററിലേക്ക് വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ബീസി-ആല്‍ബെര്‍ട്ട അതിര്‍ത്തിക്ക് സമീപം ഡോസണ്‍ ക്രീക്കില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. 

കാട്ടുതീ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏകദേശം 305 സിവിക് അഡ്രസസ് അലേര്‍ട്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് പീസ് റിവര്‍ റീജിയണല്‍ ഡിസ്ട്രിക്ട് ഡയറക്ടര്‍ റയാന്‍ കിര്‍ഖാം അറിയിച്ചു. കാട്ടുതീ രൂക്ഷമാവുകയും സ്ഥിതിഗതികള്‍ വഷളാവുകയും ചെയ്യുകയാണെങ്കില്‍ കമ്മ്യൂണിറ്റികളിലെ താമസക്കാര്‍ അറിയിപ്പ് വരുന്നതോടെ ഒഴിയാന്‍ തയാറാകണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

ബുധനാഴ്ച ഉച്ചവരെ പ്രവിശ്യയില്‍ 140 ല്‍ അധികം കാട്ടുതീകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുമ്പുള്ള ദിവസങ്ങളില്‍ ഇത് 98 ആയിരുന്നു.