ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ട രാജ്യങ്ങളില്‍ ആദ്യ പത്തില്‍ കാനഡയും 

By: 600002 On: Jul 12, 2024, 10:06 AM

 

ഇന്റര്‍പോള്‍ പുറത്തുവിട്ട മെയ് മാസത്തിലെ റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ കാനഡ ഇടംപിടിച്ചു. കാനഡയിലെ വാഹന മോഷണ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാരും പോലീസും മറ്റ് സംഘടനകളും ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയിരിക്കുന്നത്. ആര്‍സിഎംപിയുടെ കനേഡിയന്‍ പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മോഷണം പോയ വാഹനങ്ങളുടെ ഡാറ്റബേസ് ഇന്റര്‍പോളുമായി സംയോജിപ്പിച്ചാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഈ വര്‍ഷം മൂന്ന് മാസത്തിനുള്ളില്‍ കാനഡയില്‍ നിന്നും മോഷ്ടിക്കപ്പെട്ട വാഹനങ്ങള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൂടാതെ ആര്‍സിഎംപിയുടെ ഡാറ്റാബേസില്‍ കാനഡയില്‍ മോഷണം പോയ ഏകദേശം 150,000 വാഹനങ്ങളുടെ വിശദാംശങ്ങളുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് 200 ല്‍ അധികം വാഹനങ്ങള്‍ പ്രതിവാരം മോഷണം പോയതായി തിരിച്ചറിഞ്ഞു. മിക്ക വാഹനങ്ങളും വിദേശരാജ്യങ്ങളിലേക്ക് കടത്താനായി തുറമുഖങ്ങളിലേക്ക് എത്തിക്കുന്നതിനാല്‍ പരിശോധനയ്ക്കിടെയാണ് വാഹനങ്ങള്‍ തിരിച്ചറിയുന്നത്. 

മോഷ്ടിച്ച വാഹനങ്ങള്‍ വില്‍പ്പന നടത്തി ലഭിക്കുന്ന പണം കുറ്റകൃത്യങ്ങള്‍ക്കാണ് പ്രതികള്‍ ഉപയോഗിക്കുന്നതെന്നും കാര്‍ മോഷണം സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള വരുമാനത്തിന്റെ ഭാഗമായി മാറിയെന്നും ഇന്റര്‍പോള്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടത്തിയിരിക്കുന്ന ഗ്ലോബല്‍ ഡാറ്റ ഷെയറിംഗ് അതിര്‍ത്തികളില്‍ വാഹനങ്ങളുടെ ശക്തമായ പരിശോധന, വാഹനങ്ങള്‍ കടത്തുന്ന വഴികള്‍ തിരിച്ചറിയല്‍, പ്രതികളെ അറസ്റ്റ് ചെയ്യല്‍ എന്നിവയ്ക്ക് സഹായകമാകുമെന്നും ഇന്റര്‍പോള്‍ വ്യക്തമാക്കി. 

2022 ല്‍ മാത്രം കാനഡയിലുടനീളം 105,000 വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനമോഷണം ഇന്‍ഷുറന്‍സ് നിരക്കും വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 561 ശതമാനം വര്‍ധനയോടെ ടൊറന്റോ നിരക്കില്‍ ഏറ്റവും മുന്നിലെത്തി. ഏകദേശം 371 മില്യണ്‍ ഡോളര്‍ ക്ലെയിമുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ദേശീയതലത്തില്‍ 1.5 ബില്യണ്‍ ഡോളറാണ് വാഹനമോഷണത്തിന് ക്ലെയിം ചെയ്തതെന്ന് ഐബിസി വൈസ് പ്രസിഡന്റ് ലിയാം മക്ഗിന്റി പറയുന്നു.