വേനല്‍ക്കാലത്ത് തൊഴില്‍ ക്ഷാമം രൂക്ഷം; കാനഡയില്‍ യുവാക്കള്‍ പ്രതിസന്ധിയില്‍ 

By: 600002 On: Jul 11, 2024, 6:33 PM

 


കാനഡയില്‍ തൊഴില്‍ വിപണിയിലെ മന്ദഗതിയും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ചേര്‍ന്ന് രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് തൊഴില്‍, സാമ്പത്തിക നിരീക്ഷകര്‍. ഈ സാഹചര്യത്തില്‍ വേനല്‍ക്കാലത്ത് തൊഴില്‍ക്ഷാമം രൂക്ഷമാകുന്നതോടെ കാനഡയിലെ ചെറുപ്പക്കാര്‍ ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ലേബര്‍ ഫോഴ്‌സ് സര്‍വേയില്‍ 15 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കളിലെ തൊഴിലില്ലായ്മാ നിരക്ക് ജൂണ്‍ മാസത്തില്‍ 13.3 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് പാന്‍ഡെമിക് സമയത്തെ വര്‍ധനവ് ഒഴികെ 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

സമ്മര്‍ ജോബ് സീസണില്‍ കഠിനമായ സാമ്പത്തിക സാഹചര്യങ്ങള്‍ യുവാക്കളെ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ ബാധിക്കുന്നതായി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. വേനല്‍ക്കാലത്ത് പഠനത്തോടൊപ്പം ജേലി ചെയ്യുന്നവര്‍ക്ക് ജോലി കണ്ടെത്തുന്നത് പ്രയാസകരവുമായിരുന്നു. ഇത്തവണ 46.8 ശതമാനം പേര്‍ക്ക് ജോലി ലഭിച്ചുവെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്ക്. 

ഇന്ന് യുവാക്കള്‍ക്ക് ഒരു ജോലി ലഭിക്കാനുള്ള ആദ്യത്തെ തടസ്സം കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയിലെ പൊതുവായ മന്ദഗതിയാണ്. ഉയര്‍ന്ന വായ്പയെടുക്കല്‍ ചെലവുകളും ഉപഭോക്തൃ ചെലവും മന്ദഗതിയിലാണ്. ഇത് ബിസിനസ്സുകളില്‍ നിയമനങ്ങള്‍ കുറയ്ക്കുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. തൊഴില്‍ വിപണിയിലേക്ക് കടക്കാനുള്ള ബുദ്ധിമുട്ട് യുവാക്കളെ ഹ്രസ്വകാലത്തേക്ക് മാത്രമല്ല ബാധിക്കുക, ഭാവിയില്‍ അവരുടെ കരിയര്‍ ഡെവലപ്‌മെന്റിനെ തന്നെ സാരമായി ബാധിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.