കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് ട്രാക്ക് ചെയ്യാത്ത സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. രാജ്യത്ത് വിദ്യാഭ്യാസത്തിനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ജനുവരിയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്നത്. കാനഡ ഗസറ്റില്‍ പുറത്തിറക്കിയ പുതിയ പദ്ധതിയനുസരിച്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ നിയമം പാലിക്കാത്തതായി കണ്ടെത്തിയാല്‍ വിവരങ്ങള്‍ പൊതുവായി ലിസ്റ്റ് ചെയ്യുകയും 12 മാസം വരെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്നും സ്ഥാപനങ്ങളെ വിലക്കും.
നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ അനുസരിച്ച് സ്റ്റഡി പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന് ആവശ്യമായ അക്‌സെപ്റ്റന്‍സ് ലെറ്റേഴ്‌സ് പരിശോധിക്കാന്‍ സ്‌കൂളുകളോട് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC) ആവശ്യപ്പെടും. നിലവില്‍ ഈ കത്തുകള്‍ സ്ഥിരീകരിക്കാന്‍ സര്‍ക്കാരിന് ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്(DLIs) ആവശ്യമില്ല. സ്‌കൂളുകള്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ കത്തുകളുടെ സാധുത ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാം.
ഐആര്‍സിസി ആവശ്യപ്പെടുകയാണെങ്കില്‍ വിദ്യാര്‍ത്ഥിയെ പ്രോഗ്രാമിലേക്ക് സ്വീകരിച്ചുവെന്ന വിവരം നല്‍കാന്‍ സ്‌കൂളുകള്‍ക്ക് 10 ദിവസത്തെ സമയമുണ്ട്. കൂടാതെ, ഓരോ വിദ്യാര്‍ത്ഥിയുടെയും എന്റോള്‍മെന്റ് സ്റ്റാറ്റസിന്റെ വിശദാംസങ്ങളടങ്ങിയ കംപ്ലയിന്‍സ് റിപ്പോര്‍ട്ട് 60 ദിവസത്തിനുള്ളില്‍ സ്‌കൂളുകള്‍ സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികള്‍ അവരുടെ കോഴ്‌സോ പ്രോഗ്രാമോ തുടരുന്നുണ്ടോ എന്ന കാര്യവും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കേണ്ടതാണ്.