വാടക നിരക്ക്: കാനഡയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി വാന്‍കുവറും ബേണബിയും തുടരുന്നു 

By: 600002 On: Jul 11, 2024, 11:24 AM

 

 

കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് വിലയില്‍ കുറവുണ്ടായിട്ടും കാനഡയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി വാന്‍കുവറും ബേണബിയും തുടരുകയാണെന്ന് Rentals.ca  റിപ്പോര്‍ട്ട്. വാടക നിരക്ക് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റ് പ്രവശ്യകളിലെ നഗരങ്ങളേക്കാള്‍ നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ് ഇരുനഗരങ്ങളിലും. വാന്‍കുവറില്‍ ജൂലൈയില്‍ വണ്‍ ബെഡ്‌റൂം വാടക പ്രതിവര്‍ഷം 7.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2,724 ഡോളറാണ് വാടക. ടു ബെഡ്‌റൂം വാടക 5.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. ശരാശരി 3,648 ഡോളറാണ് നിരക്ക്. 

അതേസമയം, ജൂണില്‍ കാനഡയിലെ ശരാശരി വാടക നിരക്ക് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതായി ഏജന്‍സി പറയുന്നു. രാജ്യത്തെ ശരാശരി വാടക നിരക്ക് മെയ് മാസത്തെ അപേക്ഷിച്ച് 0.8 ശതമാനം കുറഞ്ഞ് 2,185 ഡോളറായി.  

ആളുകള്‍ക്ക് എന്നും താമസിക്കാന്‍ ഡിമാന്‍ഡുള്ള നഗരമാണ് വാന്‍കുവര്‍. വാന്‍കുവര്‍ പോലുള്ള നഗരത്തില്‍ വേക്കന്‍സി റേറ്റ് വളരെ കുറവാണെന്ന് Rentals.ca കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ ജിയാകോമോ ലഡാസ് പറയുന്നു. നിലവില്‍ നേരിടുന്ന ഭവന പ്രതിസന്ധിക്കുള്ള പരിഹാരമെന്നത് പ്രധാനമായും നിശ്ചിത ലക്ഷ്യത്തോടെയും അഫോര്‍ഡബിളുമായ വീടുകള്‍ പണിയുക എന്നതാണെന്ന് അദ്ദേഹം പറയുന്നു. റൂംമേറ്റുകള്‍ക്കും വാടക നിരക്കില്‍ ഏറ്റവും ചെലവേറിയ നഗരം വാന്‍കുവറാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം 1.2 ശതമാനം വര്‍ധിച്ച് വാടക നിരക്ക് ശരാശരി 1,471 ഡോളറായി.