'മദ്യപിച്ച് വാഹനമോടിക്കരുത്': മുന്നറിയിപ്പുമായി പോലീസ്; ബീസിയില്‍ വാഹന പരിശോധന ശക്തമാക്കുന്നു 

By: 600002 On: Jul 11, 2024, 10:41 AM

 

 

സമ്മര്‍സീസണില്‍ ബ്രിട്ടീഷ് കൊളംബിയയിലുടനീളം വാഹന പരിശോധന ശക്തമാക്കി പോലീസ്. അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും മദ്യപിച്ചും ലഹരിമരുന്നുകള്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നവരെയും ലക്ഷ്യമിട്ടാണ് പരിശോധന. സൗത്ത് ഒകനാഗന്‍, സമ്മര്‍ലാന്‍ഡ്, പെന്റിക്റ്റണ്‍, ഒസോയോസ് എന്നീ കമ്മ്യൂണിറ്റികളില്‍ ജൂലൈ 4 മുതല്‍ 6 വരെ 600 ല്‍ അധികം വാഹനങ്ങള്‍ പരിശോധിച്ചതായി ബീസി ഹൈവേ പട്രോള്‍ പോലീസ് പറയുന്നു. പരിശോധനയ്ക്കിടെ പത്ത് ഡ്രൈവര്‍മാര്‍ക്ക് റോഡ്‌സൈഡ് പ്രൊഹിബിഷന്‍ നല്‍കി. രണ്ട് പേരെ വാഹനമോടിക്കുന്നതില്‍ നിന്നും വിലക്കി. ബ്രെത്ത് സാമ്പിള്‍ നല്‍കാന്‍ ഒരാള്‍ വിസമ്മതിച്ചതായും പോലീസ് പറഞ്ഞു. 

ഡ്രൈവറുടെ രക്ത സാമ്പിള്‍ പരിശോധിച്ച് മദ്യത്തിന്റെ അളവ് അനുസരിച്ച് റോഡ്‌സൈഡ് പ്രൊഹിബിഷന്‍ മൂന്ന് ദിവസം മുതല്‍ 90 ദിവസം വരെയാകാം. ചില കേസുകളില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നു. അശ്രദ്ധമായോ മദ്യപിച്ചോ വാഹനമോടിക്കുന്നവര്‍ അവരുടെ മാത്രം ജീവനുകളല്ല നിരത്തുകളിലെ മറ്റ് ജീവനുകള്‍ കൂടി അപകടപ്പെടുത്തുന്നുവെന്നും ഇവരുടെ ലൈസന്‍സുകള്‍ റദ്ദാക്കിയേക്കുമെന്നും പോലീസ് അറിയിച്ചു. 

കാനഡ ഡേ വീക്കെന്‍ഡില്‍ ലേക്ക് കോവിച്ചന്‍ ടൗണില്‍ 265 റോഡ് സൈഡ് ബ്രെത്ത് ടെസ്റ്റുകളാണ് നടത്തിയത്. ഇതില്‍ 26 ഡ്രൈവര്‍മാര്‍ അശ്രദ്ധമായി വാഹനമോടിച്ചതായി കണ്ടെത്തി. 24 പേര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും രണ്ട് പേര്‍ മയക്കുമരുന്ന് ഉപയോഗിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.