കമ്പനി ജോലികള്‍ വെട്ടിക്കുറയ്ക്കുന്നു, എഐയില്‍ നിക്ഷേപം നടത്തുന്നു; എഡ്മന്റണില്‍ ഓഫീസുകള്‍ അടച്ചുപൂട്ടി ഇന്റ്റിയൂയ്റ്റ്

By: 600002 On: Jul 11, 2024, 10:01 AM

 


ടര്‍ബോ ടാക്‌സ് മാതൃകമ്പനിയായ ഇന്റ്റിയൂയ്റ്റ് 1,800 ജീവനക്കാരെ( 10 ശതമാനം) പിരിച്ചുവിടുമെന്ന് അറിയിച്ചു. എഐ പവേര്‍ഡ് ടാക്‌സ് പ്രിപ്പറേഷന്‍ സോഫ്റ്റ്‌വെയറുകളിലും മറ്റ് ഫിനാന്‍ഷ്യല്‍ സംരഭങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നീക്കമെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കായി ജനറേറ്റീവ് എഐ പവേര്‍ഡ് അക്കൗണ്ടിംഗ് തയാറാക്കല്‍ തുടങ്ങിയവ പോലുള്ളവയില്‍ വന്‍ നിക്ഷേപമാണ് കമ്പനി നടത്തിയത്. നിലവില്‍ എഡ്മന്റണിലും ഐഡഹോയിലുമുള്ള രണ്ട് സൈറ്റുകള്‍ അടയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, എഞ്ചിനിയറിംഗ്, പ്രൊഡക്ട്, കസ്റ്റമര്‍-ഫെയ്‌സിംഗ് റോളുകളില്‍ 1,800 പുതിയ ആളുകളെ വീണ്ടും നിയമിക്കുമെന്ന് സിഇഒ സാസന്‍ ഗുഡാര്‍സി ജീവനക്കാര്‍ക്ക് അയച്ച കുറിപ്പില്‍ വ്യക്തമാക്കി. ഓഹരികള്‍ 3.6 ശതമാനം ഇടിഞ്ഞ കമ്പനി പുതിയ നിയമം എപ്പോള്‍ നടത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. 

ഓണ്‍ലൈന്‍ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയര്‍ QuikBooks  നിര്‍മിക്കുന്നത് ഇന്റ്റിയൂയ്റ്റ് ആണ്. ജനറേറ്റീവ് എഐയില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവയുള്‍പ്പെടെയുള്ള പുതിയ വിപണിയിലേക്ക് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 

ലേഓഫ് പ്ലാനിന്റെ ഭാഗമായി അറ്റ്‌ലാന്റ, ബാംഗ്ലൂര്‍, ന്യൂയോര്‍ക്ക്, ടെല്‍ അവീവ്, ടൊറന്റോ എന്നിവടങ്ങളിലെ സൈറ്റുകളിലേക്ക് 80 ടെക്‌നോളജി റോളുകള്‍ ഏകീകരിക്കുമ്പോള്‍ ജോലി കാര്യക്ഷമമാക്കാന്‍ 300 തസ്തികകള്‍ ഒഴിവാക്കുകയാണെന്ന് കുറിപ്പില്‍ കമ്പനി വ്യക്തമാക്കി.