ഓണ്‍ലൈനില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ബോട്ട് ഫാമിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കാനഡ 

By: 600002 On: Jul 11, 2024, 9:21 AM

 

 

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന എഐ നിര്‍മിത റഷ്യന്‍ ബോട്ട് ഫാമിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കനേഡിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. റഷ്യ ടുഡേ എന്നറിയപ്പെടുന്ന ആര്‍ടിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വ്യക്തികള്‍ റഷ്യന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സോഷ്യല്‍മീഡിയ ബോട്ട് ഫാം ഉപയോഗിക്കുന്നുണ്ടെന്ന് കനേഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി പറയുന്നു. അമേരിക്കയിലും മറ്റ് വിദേശരാജ്യങ്ങളിലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിച്ചതെന്ന് അധികൃതര്‍ പറയുന്നു. അമേരിക്കന്‍ പൗരന്മാരുടെ അക്കൗണ്ടുകള്‍ എന്ന രീതിയിലാണ് ചിത്രീകരിക്കപ്പെടുന്നത്. ഇതിലൂടെ റഷ്യന്‍ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കനേഡിയന്‍ സൈബര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

തെറ്റായ വിവര പ്രചാരണങ്ങള്‍ ഇല്ലാതാക്കാന്‍ കാനഡ, അമേരിക്ക, നെതര്‍ലന്‍ഡ്‌സ് എന്നിവ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ മറ്റ് സൈറ്റുകളില്‍ പോപ്പ് അപ്പ് ചെയ്‌തേക്കാമെന്നും ഇത് അവഗണിക്കണമെന്നും ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.