ലൈസന്‍സ് പ്ലേറ്റ് മോഷ്ടിക്കപ്പെട്ട കുടുംബത്തിന് പാര്‍ക്കിംഗ് ടിക്കറ്റ് ഇനത്തില്‍ 400 ഡോളറില്‍ അധികം തുക ചുമത്തപ്പെട്ടതായി പരാതി. ബ്രാംപ്ടണില്‍ താമസിക്കുന്ന പ്രിയങ്ക കശ്യപിന്റെ വാഹനത്തിന്റെ ലൈസന്‍സ് പ്ലേറ്റാണ് മോഷ്ടിക്കപ്പെട്ടത്. മെയ് അവസാനം മുതല്‍ പ്രിയങ്ക കശ്യപിന് മില്‍ട്ടണില്‍ നിന്ന് മൊത്തം ഒമ്പത് പാര്‍ക്കിംഗ് ടിക്കറ്റുകളാണ് ലഭിച്ചത്. ഇതില്‍ ആറെണ്ണം പ്ലേറ്റ് നഷ്ടപ്പെട്ടതായി സര്‍വീസ് ഒന്റാരിയോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ്. പുതിയ പ്ലേറ്റിനായി പണം നല്‍കുകയും ചെയ്തിരുന്നു.
പിഴയടക്കുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് നിരാശാജനകമാണെന്ന് കശ്യപ് പറയുന്നു. പിഴ സംബന്ധിച്ച് നടപടികള്‍ അതോറിറ്റികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സംഭവത്തില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മിനിസ്ട്രിയും പോലീസ് സേനയും മുനിസിപ്പാലിറ്റികളും തമ്മിലുള്ള യോജിപ്പില്ലായ്മയാണ് തങ്ങളുടെ പ്രശ്‌നത്തില്‍ നടപടികള്‍ വൈകിപ്പിക്കുന്നതെന്ന് ലോക്കല്‍ പോലീസ് പറയുന്നതായി കശ്യപ് പറഞ്ഞു.
മെയ് 24 നാണ് ലൈസന്‍സ് പ്ലേറ്റ് മോഷണം പേയത്. ഒരു മാളിലെ പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ നിന്നുമാണ് പ്ലേറ്റ് മോഷണം പോയത്. മെയ് 27 ന് പീല്‍ റീജിയണല്‍ പോലീസില്‍ വിളിച്ചു. എന്നാല്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന് അറിയിച്ചതായി കശ്യപ് പറയുന്നു.
പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് പോയെങ്കിലും പ്രശ്‌നത്തിന് ഉദ്യോഗസ്ഥര്‍ വേണ്ടത്ര പരിഗണന നല്‍കിയില്ല. സര്‍വീസ് ഒന്റാരിയോയില്‍ പ്ലേറ്റ് നഷ്ടപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാനും പുതിയതിന് അപേക്ഷിക്കാനും നിര്‍ദ്ദേശിക്കുകയായിരുന്നു.