ആംഗസ് റീഡ് സ്‌ട്രെസ് ഇന്‍ഡെക്‌സ്: കാനഡയില്‍ താമസിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്നു 

By: 600002 On: Jul 10, 2024, 12:32 PM

 


കാനഡയില്‍ താമസിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ സാമ്പത്തിക സമ്മര്‍ദ്ദ സൂചികയില്‍ 'സ്ട്രഗ്‌ളിംഗ് കാറ്റഗറി'യില്‍ ഉള്‍പ്പെടുന്നതായി ആംഗസ് റീഡ് സര്‍വേയില്‍ കണ്ടെത്തി.  ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇക്കണോമിക് സ്‌ട്രെസ് ഇന്‍ഡെക്‌സില്‍ കാനഡയില്‍ താമസിക്കുന്ന 4,204 പേരുടെ സാമ്പത്തിക വീക്ഷണം സംബന്ധിച്ച് സര്‍വേ നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സൂചികയില്‍ 32 ശതമാനം പേരും സ്ട്രഗ്‌ളിംഗ് കാറ്റഗറിയിലാണെന്ന് സര്‍വേ കണ്ടെത്തി. രണ്ട് വര്‍ഷം മുമ്പ് സാമ്പത്തിക സമ്മര്‍ദ്ദം ജനസംഖ്യയുടെ നാലിലൊന്നായിരുന്നു. സര്‍വേ അനുസരിച്ച്, 2022 ല്‍ 29 ശതമാനമായിരുന്ന 'കംഫര്‍ട്ടബിള്‍ കാറ്റഗറി'യിലെ  ആളുകളുടെ എണ്ണം ഈ വര്‍ഷം 23 ശതമാനത്തിലേക്ക് താഴ്ന്നു. 

കാനഡയില്‍ താമസിക്കുന്ന അഞ്ച് പേരില്‍ രണ്ടില്‍ കൂടുതല്‍ പേര്‍(44 ശതമാനം) ഭവന ചെലവ് നികത്താന്‍ ബുദ്ധിമുട്ടുന്നതായി അഭിപ്രായപ്പെട്ടു. മോര്‍ഗേജുള്ളതും വാടക കൊടുക്കുന്നവരുമായ വീട്ടുടമകള്‍ക്കിടയില്‍ ഇത് യഥാക്രമം 47 ശതമാനം, 56 ശതമാനമായി ഉയര്‍ന്നതായി സര്‍വേയില്‍ കണ്ടെത്തി. ഗ്രോസറി, ഗ്യാസ് വില വര്‍ധനവുകളിലും കാനഡയില്‍ താമസിക്കുന്നവരില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. 

അതേസമയം, രാജ്യത്ത് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് മാറ്റമില്ല. ജീവിതച്ചെലവ്, ആരോഗ്യ സംരക്ഷണം, ഹൗസിംഗ് അഫോര്‍ഡബിളിറ്റി തുടങ്ങിയ മൂന്ന് വെല്ലുവിളികളും ആദ്യ മൂന്ന് സ്ഥാനത്ത് തന്നെ തുടരുകയാണ്.