ലിസ്റ്റീരിയ സാന്നിധ്യം: സില്‍ക്ക്, ഗ്രേറ്റ് വാല്യു പ്ലാന്റ് ബേസ്ഡ് ബീവറേജുകള്‍ തിരിച്ചുവിളിച്ച് കാനഡ 

By: 600002 On: Jul 10, 2024, 11:55 AM

 


ലിസ്റ്റീരിയ ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സില്‍ക്ക്, ഗ്രേറ്റ് വാല്യു ബ്രാന്‍ഡ് പ്ലാന്റ് ബേസ്ഡ് ബീവറേജുകള്‍ തിരിച്ചുവിളിച്ചതായി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി അറിയിച്ചു. ശീതീകരിച്ച പാനീയങ്ങള്‍ക്കൊപ്പം സില്‍ക്ക് ബ്രാന്‍ഡായ ബദാം മില്‍ക്ക്, കോക്കനട്ട് മില്‍ക്ക്, ബദാം-കോക്കനട്ട് മില്‍ക്ക്, ഓട്‌സ് മില്‍ക്ക്, ഗ്രേറ്റ് ബ്രാന്‍ഡ് ബദാം മില്‍ക്ക് ഉള്‍പ്പെടെ 15 ഓളം ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നു. ഡാനോണ്‍ കാനഡയാണ് തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചത്. തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍ കൈവശമുള്ളവര്‍ ഉപയോഗിക്കരുതെന്നും ഇവ വാങ്ങിയ സ്‌റ്റോറുകളില്‍ തിരികെ നല്‍കുകയോ ചെയ്യണമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വില്‍പ്പനയ്ക്കായി വെച്ചവ നീക്കം ചെയ്യണമെന്നും സ്‌റ്റോറുകളോടും നിര്‍ദ്ദേശിച്ചു. 

ഭക്ഷ്യജന്യ രോഗങ്ങള്‍ വ്യാപിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചതെന്നും ഈ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഏജന്‍സി അറിയിച്ചു. ലിസ്റ്റീരിയ ബാക്ടീരിയ അടങ്ങിയ ഭക്ഷണം ചീത്തയായതായി തിരിച്ചറിയില്ലെന്നും എന്നാല്‍, ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.