മോദി-പുടിന്‍ കൂടിക്കാഴ്ച: റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയയ്ക്കുമെന്ന് റഷ്യ ഉറപ്പ് നല്‍കിയതായി വിദേശകാര്യ മന്ത്രാലയം 

By: 600002 On: Jul 10, 2024, 10:46 AM

 

റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച പുടിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് മോദി ഇക്കാര്യം ധരിപ്പിച്ചതെന്ന് ഇന്ത്യന്‍ ഒഫിഷ്യലുകള്‍ പറയുന്നു. മോദി ആവശ്യപ്പെട്ടതനുസരിച്ച് ഇവരെ സൈന്യത്തില്‍ നിന്ന് വിട്ടയയ്ക്കാനും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് പുടിന്‍ അറിയിക്കുകയായിരുന്നു. 

ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാര്‍ റഷ്യയിലെ സൈന്യത്തില്‍ നിര്‍ബന്ധിത സേവനം ചെയ്യേണ്ടി വന്നു. ഉക്രെയിനില്‍ യുദ്ധത്തില്‍ പങ്കെടുത്ത നാല് ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.