സൈബര്‍ ആക്രമണം: കനേഡിയന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ടിക്കറ്റ്മാസ്റ്റര്‍ 

By: 600002 On: Jul 10, 2024, 9:37 AM

 

ഏപ്രിലിലും മെയ് മാസത്തിലുമായി നടന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി സ്ഥിരീകരിച്ച് അമേരിക്കന്‍ ടിക്കറ്റ് സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി ടിക്കറ്റ് മാസ്റ്റര്‍. കാനഡയിലുള്ള ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി കമ്പനി പറഞ്ഞു. തേര്‍ഡ് പാര്‍ട്ടി ഡാറ്റ സര്‍വീസ് പ്രൊവൈഡറുടെ ഡാറ്റാ ബേസില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ അനധികൃത തേര്‍ഡ് പാര്‍ട്ടിക്ക് ലഭിച്ചിരിക്കാമെന്ന് ടിക്കറ്റ്മാസറ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 2 നും മെയ് 18 നും ഇടയിലാണ് സംഭവം നടന്നത്. തുടര്‍ന്ന് 560 മില്യണ്‍ ടിക്കറ്റ് മാസ്റ്റര്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെട്ട 1.3 ടെറാബൈറ്റ് ഡാറ്റ മോഷ്ടിച്ചതായി അവകാശപ്പെട്ട് കുപ്രസിദ്ധ ഹാക്കിംഗ് ഗ്രൂപ്പായ ഷൈനിഹണ്ടേഴ്‌സ് രംഗത്ത് വന്നിരുന്നു.

ഡാറ്റാ ലംഘനം നടന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് അമേരിക്കയിലെ ഇവന്റുകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.  ഉപയോക്താക്കളുടെ പേരുകള്‍, ഇമെയില്‍, ഫോണ്‍ നമ്പര്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ ചോര്‍ന്നിരിക്കാമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ യൂസര്‍ അക്കൗണ്ടുകളെ ബാധിച്ചിട്ടില്ലെന്നാണ് സൂചന. 

അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും സൈബര്‍ ആക്രമണത്തില്‍ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അഗാധമായി ഖേദിക്കുന്നുവെന്നും ഇമെയില്‍ പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. വിവിധ രാജ്യങ്ങളിലായി അര ബില്യണിലധികം ഉപഭോക്താക്കളെ ബാധിച്ച ഡാറ്റാ ലംഘനത്തെ തുടര്‍ന്ന് ടിക്കറ്റ് മാസ്റ്റര്‍ നടത്തുന്ന ആദ്യ ഖേദ പ്രകടനമാണിത്.