ടെക്‌സസില്‍ ആഞ്ഞടിച്ച ബെറില്‍ ചുഴലിക്കാറ്റ് ഈയാഴ്ച കാനഡയിലും വീശിയടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ചിലയിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട്. ബുധനാഴ്ചയോടെ ഗ്രേറ്റ് ലേക്ക്‌സ് പിന്നിടുന്ന ബെറില്‍ സാധാരണ ന്യൂനമര്‍ദ്ദമായി മാറും. സതേണ്‍ ഒന്റാരിയോ, സൗത്ത്‌വെസ്‌റ്റേണ്‍ ക്യുബെക്ക്, മാരിടൈംസിന്റെ ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ബെറില്‍ ബാധിക്കും. ന്യൂബ്രണ്‍സ്‌വിക്കില്‍ കനത്ത മഴ പെയ്യുമെന്നും പ്രവചിക്കുന്നു. നഗര പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചു. പ്രവിശ്യകളിലെയും പ്രദേശങ്ങളിലെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു.
ടൊറന്റോയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിക്കുന്നു. ചുഴലിക്കാറ്റിന് മുന്നോടിയായി നഗരത്തില്‍ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച മണിക്കൂറില്‍ 20 മുതല്‍ 40 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പറയുന്നു. ബെറില്‍ ചുഴലിക്കാറ്റിന്റെ കൃത്യമായ ദിശ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ചില സ്ഥലങ്ങളില്‍ മഴയുടെ അളവ് 50 മില്ലിമീറ്ററില്‍ കൂടുതലാകുമെന്നും ചില സമയങ്ങളില്‍ അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പില്‍ പറയുന്നു.
ടെക്‌സസില്‍ ബെറില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രദേശത്ത് ഏഴ് പേരാണ് മരിച്ചത്. ശക്തമായ കാറ്റില്‍ ഏകദേശം 30 ലക്ഷം വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം നഷ്ടമായി. നൂറുകണക്കിന് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.