ദുബൈ: ഖാൻ യൂനുസ് ഉൾപ്പെടെ ഗസ്സയിലെങ്ങും കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഖാൻ യൂനുസിലെ അബസാനിൽ ഫലസ്തീൻ അഭയാർഥികൾ താൽക്കാലികമായി താമസിച്ചുവന്ന സ്കൂൾ കെട്ടിടത്തിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരണം 29 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
മധ്യ ഗസ്സയിലെ ബുറേജി അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയുടെ കൂടുതൽ ഉൾഭാഗങ്ങളിലേക്കും ഇസ്രായേൽ ടാങ്കുകൾ എത്തിയതോടെ കുരുതി വ്യാപകമായതായി ദൃക്സാക്ഷികൾ പറയുന്നു.
ആയിരക്കണക്കിന് ഫലസ്തീനികളാണ് സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്നത്. രക്ഷപ്പെടാൻ സുരക്ഷിതമായ ഒരു സ്ഥലവുമില്ലാതിരിക്കെ, മരണം കാത്തുകഴിയുകയാണ് അഭയാർഥികളിൽ വലിയാരു പങ്കും. പട്ടിണിയെ ആസൂത്രിത കാമ്പയിനാക്കി ഇസ്രായേൽ മാറ്റുന്നതായി ഐക്യരാഷ്ട്ര സംഘടന കുറ്റപ്പെടുത്തി. എന്നാൽ, ആരോപണം ഇസ്രായേൽ തള്ളി.
വെടിനിർത്തൽ കരാർ ചർച്ചക്കായി മൊസാദ് മേധാവിയുടെ നേതൃത്വത്തിലുളള സംഘം ഇന്ന് രാത്രി ഖത്തറിലെത്തും. അതേസമയം, ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്ന ഒരു കരാറും അംഗീകരിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. അമേരിക്കയും ഖത്തറും ഈജിപ്തുമാണ് സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്.