ബീസിയില്‍ റിക്രിയേഷണല്‍ വെഹിക്കിളുകള്‍ വീടുകളാക്കി താമസം: ആശങ്കയില്‍ മുനിസിപ്പാലിറ്റികള്‍ 

By: 600002 On: Jul 9, 2024, 1:27 PM

 

 

ബ്രിട്ടീഷ് കൊളംബിയയിലുടനീളം ജനസംഖ്യാ വളര്‍ച്ചയ്‌ക്കൊപ്പം പാര്‍പ്പിട പ്രതിസന്ധിയും തുടരുമ്പോള്‍ വയോജനങ്ങളില്‍ മിക്കവരും താല്‍ക്കാലിക റിക്രിയേഷണല്‍ വെഹിക്കിളുകളും ചെറിയ വീടുകളും സ്ഥിരതാമസത്തിനായി ഉപയോഗിക്കുകയാണ്. തെരുവുകളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇത്തരം വാഹനങ്ങള്‍ വീടുകളാക്കി മാറ്റി താമസിക്കുന്നത് പ്രവിശ്യയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മുനിസിപ്പാലിറ്റികളും ഡിസ്ട്രിക്റ്റുകളും തെരുവില്‍ താമസിക്കുന്നവരെ സഹായിക്കാന്‍ പാടുപെടുമ്പോള്‍ തെരുവുകളില്‍ ഇത്തരത്തില്‍ താമസിക്കുന്നവരെക്കുറിച്ച് ആശങ്കകളും വര്‍ധിക്കുകയാണ്. 

സുരക്ഷയും മറ്റ് ആശങ്കകളും കണക്കിലെടുത്ത് RV കള്‍ മുഴുവന്‍ സമയ വീടായി ഉപയോഗിക്കുന്നതിനെ നിയന്ത്രിക്കുന്ന കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രവിശ്യയില്‍ നിലനില്‍ക്കുന്നുണ്ട്. വാന്‍കുവര്‍, സ്‌ക്വാമിഷ്, സറേ എന്നിവടങ്ങളില്‍ ക്യാമ്പ് ഗ്രൗണ്ടുകളിലും നഗര തെരുവുകളിലും ആര്‍വിയില്‍ താമസിക്കുന്നവരുമായി അതോറിറ്റികള്‍ നിരന്തരമായ വാക്കേറ്റത്തിലാണ്. RV കളിലെ താമസം പരിമിതപ്പെടുത്തുന്ന ബൈലോകള്‍ പല പ്രദേശങ്ങളിലുമുണ്ട്. നേരത്തെ വിനോദ സഞ്ചാരികള്‍ മാത്രമായിരുന്നു RV കളും റിസോര്‍ട്ടുകളും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇക്കാലത്ത് ആര്‍വി പാര്‍ക്കുകളിലെ മിക്ക സ്ഥലങ്ങളും ദീര്‍ഘകാല താമസക്കാരാണ് ഏറ്റെടുക്കുന്നതെന്ന് പോവര്‍ട്ടി ലോ അഡ്വക്കേറ്റ് പോള്‍ ലെഗസ് പറയുന്നു. സ്ഥിര വരുമാനക്കാരായ വൃദ്ധരാണ് ഇവരില്‍ പലരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആര്‍വി പാര്‍ക്കുകളിലുള്ളവരെ കുടിയൊഴിപ്പിക്കാന്‍ ഉടമകള്‍ ഭീഷണികളുമായി രംഗത്ത് വരുന്നുണ്ട്. 

ബീസിയില്‍ വീട് നിര്‍മിക്കുമ്പോള്‍ ബില്‍ഡിംഗ് കോഡില്‍ വീടിന്റെ വലുപ്പത്തിന്റെ കാര്യം പ്രശ്‌നമില്ല. എന്നാല്‍ RV കളുടെ ദീര്‍ഘകാല ഉപയോഗം, മൊബൈല്‍ വീടുകള്‍ എന്നിവ പ്രശ്‌നവിഷയമാണെന്ന് ഹൗസിംഗ് മിനിസ്റ്റര്‍ രവി കൊഹ്ലോന്‍ പറയുന്നു. ഇവ താല്‍ക്കാലിക തൊഴിലിനായി വികസിപ്പിച്ചെടുത്തതാണ്. എല്ലാ ആരോഗ്യ-സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.