കനത്ത ചൂടിലേക്ക് കാനഡ: 2021 ലെ റെക്കോര്‍ഡ് മറികടക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷക

By: 600002 On: Jul 9, 2024, 12:51 PM

 


സമ്മര്‍ സീസണ്‍ ആരംഭിച്ചതോടെ കാനഡയിലുടനീളം കടുത്ത ചൂടും വര്‍ധിക്കുകയാണ്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിക്കയിടങ്ങളിലും ഹീറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയില്‍ കഴിഞ്ഞയാഴ്ച മുതല്‍ തുടരുന്ന ഉഷ്ണതരംഗം ഏകദേശം ഈ ആഴ്ച പകുതി വരെ തുടരുമെന്നാണ് പ്രവചനം. 

പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിക്കുന്നു. എന്നാല്‍ 2021 ല്‍ അനുഭവപ്പെട്ട ചൂടിനേക്കാള്‍ വര്‍ധന ഇത്തവണ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷക ജെന്നിഫര്‍ സ്മിത്ത് പറയുന്നത്. 2021 ലെ തീവ്രത കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ഷം തീവ്രത കുറവാണെന്ന് ജെന്നിഫര്‍ സ്മിത്ത് പറഞ്ഞു. 2021 വര്‍ഷത്തെ റെക്കോര്‍ഡ് മറികടക്കില്ലെന്ന് സ്മിത്ത് പറയുന്നു. ചൂടിന്റെ പ്രഭവ കേന്ദ്രം നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ആണെങ്കിലും ഈയാഴ്ച താപനില നേരിയ തോതില്‍ മാത്രമേ വര്‍ധിക്കുകയുള്ളൂവെന്ന് അവര്‍ വ്യക്തമാക്കുന്നു. 

വെസ്‌റ്റേണ്‍ കാനഡയില്‍ ബീസി ഉള്‍പ്പെടെ എല്ലാ പ്രവിശ്യകളിലും കനത്ത ചൂടാണ് പ്രവചിക്കുന്നത്. പ്രവിശ്യയുടെ തീരപ്രദേശത്തും വാന്‍കുവര്‍ ഐലന്‍ഡിലും ചൂട് കൂടുതല്‍ ദിവസം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആല്‍ബെര്‍ട്ടയിലും മധ്യ, വടക്കന്‍ സസ്‌ക്കാച്ചെവനിലും ചൂട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ രണ്ട് പ്രവിശ്യകളിലും കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് ഏജന്‍സി പറയുന്നു.