ബീസി വെസ്റ്റ് കൂറ്റ്‌നെ തടി കയറ്റിയ ട്രെയ്‌ലര്‍ പാസഞ്ചര്‍ ട്രക്കിലിടിച്ച് നാല് പേര്‍ മരിച്ചു 

By: 600002 On: Jul 9, 2024, 12:20 PM

 


ബ്രിട്ടീഷ് കൊളംബിയയിലെ വെസ്റ്റ് കൂറ്റ്‌നെ മേഖലയില്‍ തടി കയറ്റിയ സെമി ട്രെയ്‌ലര്‍ പാസഞ്ചര്‍ ട്രക്കിലിടിച്ച് നാല് പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.50 ന് ഹൈവേ 6 ലാണ് അപടകം നടന്നത്. ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രക്ക് സെന്‍ട്രല്‍ ലൈന്‍ മുറിച്ചു കടക്കുന്നതിനിടെ സെമി ട്രെയിലര്‍ എതിരെ വരുകയായിരുന്നു. ഉടന്‍ അപകടം ഒഴിവാക്കാന്‍ ട്രെയിലറിലെ ഡ്രൈവര്‍ ശ്രമിച്ചു. എന്നാല്‍ സമീപത്തുണ്ടായിരുന്ന കുഴിയില്‍ വീണ് മറിഞ്ഞതിനെ തുടര്‍ന്ന് 45 ടണ്‍ ഭാരം വരുന്ന തടികള്‍ റോഡില്‍ ചിതറുകയും ലോഡിന്റെ ഒരു ഭാഗം ട്രക്കില്‍ ഇടിക്കുകയും അതിലുണ്ടായിരുന്ന നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് ആര്‍സിഎംപി പറഞ്ഞു. 

മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ പ്രദേശത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. നിസാര പരുക്കുകള്‍ സംഭവിച്ച ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ട്രെയ്‌ലര്‍ അഗ്നിക്കിരയായി. അപകടത്തെ തുടര്‍ന്ന് 11 മണിക്കൂറോളം ഹൈവേ അടച്ചിട്ടു.