വാഷിംഗ്‌ടണ്‍: ചരിത്രത്തിലെ ഏറ്റവും വലിയ പാസ്‌വേഡ് ചോര്‍ത്തല്‍ നടത്തിയെന്ന അവകാശവാദവുമായി ഹാക്കര്‍ രംഗത്ത്. വ്യത്യസ്തമായ 995 കോടി പാസ്‌വേഡുകള്‍ തട്ടിയെടുത്തു എന്ന അവകാശവാദത്തോടെ ‘ഒബാമകെയര്‍’ എന്ന ഹാക്കറാണ് രംഗത്തെത്തിയിരിക്കുന്നത് എന്ന് രാജ്യാന്തര മാധ്യമമായ ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘റോക്ക്‌യൂ2024’ എന്ന ഡാറ്റാബേസിലൂടെയാണ് പാസ്‌വേഡുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ പാസ്‌വേഡ് ചോര്‍ച്ചയാണിത് എന്ന് ഗവേഷകര്‍ പറയുന്നു. ഏറെ വര്‍ഷങ്ങളെടുത്ത് ചോര്‍ത്തിയ പാസ്‌വേഡ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് അനുമാനം.
മുമ്പും റോക്ക്‌യൂ പാസ്‌വേഡുകള്‍ ചോര്‍ത്തിയിട്ടുണ്ട് എന്നാണ് ഫോബ്‌സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡാറ്റാബേസും എന്നാണ് സൂചന. ഇങ്ങനെ ചോര്‍ത്തിക്കിട്ടിയ വിവരങ്ങള്‍ മുമ്പും ഒബാമകെയര്‍ ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021ല്‍ റോക്ക്‌യൂ2021 എന്ന പേരില്‍ 8.4 ബില്യണ്‍ പാസ്‌വേഡുകള്‍ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡുകളും ഇതിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം 2024 വരെയുള്ള പാസ്‌വേഡുകളാണ് ഇപ്പോള്‍ ഹാക്കര്‍ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് സൂചന.