കാനഡയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നത് എളുപ്പവും വേഗത്തിലുമാക്കുന്നതിന് പുതിയ പ്രോഗ്രാം അവതരിപ്പിച്ചു 

By: 600002 On: Jul 9, 2024, 10:32 AM

 

 


കാനഡയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നത് എളുപ്പമാക്കുന്നതിന് കാനഡ ഇന്നൊവേഷന്‍ സ്ട്രീം പൈലറ്റ് എന്ന പേരില്‍ പുതിയ പ്രോഗ്രാം ആരംഭിച്ചു. ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്‌മെന്റ്(എല്‍എംഐഎ) ആവശ്യമില്ലാതെ വിദേശത്ത് നിന്ന് വിദഗ്ധ തൊഴിലാളികളെ നിയമിക്കാന്‍ കനേഡിയന്‍ കമ്പനികളെ അനുവദിക്കുന്ന ഒരു പ്രത്യേക പ്രോഗ്രാമാണിത്. ജോലി ചെയ്യാന്‍ യോഗ്യതയുള്ള ഒരു കനേഡിയന്‍ പൗരനെയോ സ്ഥിരതാമസക്കാരനെയോ കണ്ടെത്താന്‍ കമ്പനികള്‍ക്ക് കഴിയില്ലെന്ന് തെളിയിക്കാന്‍ സാധാരണയായി ആവശ്യപ്പെടുന്ന പ്രക്രിയയാണ് എല്‍എംഐഎ. പുതിയ പ്രോഗ്രാം വഴി നിയമന പ്രക്രിയ വേഗത്തിലാക്കുകയും എളുപ്പമാക്കുകയും ചെയ്യുന്നു.  2026 മാര്‍ച്ച് 22 വരെയാണ് ഇന്നൊവേഷന്‍ സ്ട്രീം പൈലറ്റ് പ്രോഗ്രാമിന്റെ കാലാവധി. താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് തുടങ്ങാം. വിദഗ്ധ തൊഴിലാളികള്‍ക്ക് കാനഡയില്‍ ജോലി ചെയ്യാനും ജീവിക്കാനുമുള്ള മികച്ച മാര്‍ഗമാണ് ഈ പ്രോഗ്രാമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. 

ഗ്ലോബല്‍ ഹൈപ്പര്‍ഗ്രോത്ത് പ്രോജക്ടിന്റെ(ജിഎച്ച്പി) ഭാഗമാണ് പുതിയ പ്രോഗ്രാം. അനുയോജ്യമായ സപ്പോര്‍ട്ട് സര്‍വീസുകള്‍ നല്‍കിക്കൊണ്ട് കനേഡിയന്‍ ബിസിനസ്സുകളുടെ വളര്‍ച്ച വേഗത്തിലാക്കാനുള്ള പദ്ധതിയാണ് ജിഎച്ച്പി. 

ജിഎച്ച്പിയില്‍ പങ്കെടുക്കുന്ന കമ്പനിയില്‍ നിന്നും ജോബ് ഓഫര്‍ ലഭിച്ചവര്‍ക്ക് പ്രോഗ്രാമിനായി അപേക്ഷിക്കാം. യോഗ്യതയുള്ള കോഴ്‌സുകളും പരിശീലനങ്ങളും പൂര്‍ത്തിയാക്കിവരായിരിക്കണം. ജോലിക്കാര്‍ക്ക് ന്യായമായ പ്രതിഫലം പ്രോഗ്രാമില്‍ ഉറപ്പാക്കുന്നു.