കഴിഞ്ഞ വര്‍ഷം ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും മോഷണം പോയ 20 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗം ഇന്ത്യയിലേക്കും ദുബായിലേക്കും കടത്തിയിരിക്കാമെന്ന് കനേഡിയന്‍ പോലീസ്. കാനഡയില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണക്കവര്‍ച്ചയാണിത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും കാനഡയിലെത്തിച്ച സ്വര്‍ണവും പണവുമാണ് വിമാനത്താവളത്തില്‍ മോഷ്ടിക്കപ്പെട്ടത്. കവര്‍ച്ച നടത്തിയ പ്രതികളില്‍ മൂന്ന് ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
2023 ഏപ്രിലില്‍ പ്രൊജക്ട് 24 കാരറ്റ് എന്ന പേരിട്ട ഈ കവര്‍ച്ചയില്‍ ഏകദേശം 20 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണക്കട്ടികളാണ് മോഷ്ടിക്കപ്പെട്ടത്. 400 കിലോഗ്രാം ഭാരമുള്ള 6,600 ബാറുകള്‍ മോഷ്ടിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഡ്യൂപ്ലിക്കേറ്റ് വേബില്‍ ഉപയോഗിച്ച് ഒരാള്‍ എയര്‍ കാനഡ കാര്‍ഗോ ടെര്‍മിനലിലേക്ക് പ്രവേശനം നേടിയാണ് കവര്‍ച്ച നടത്തിയത്. മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തില്‍ ചെറിയ അളവിലുള്ള സ്വര്‍ണമാണ് ഉരുക്കിയത്. കാണാതായ സ്വര്‍ണവും ഇത് വിറ്റ് പണം നേടിയത് സംബന്ധിച്ചും അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
വലിയ ഭാഗം സ്വര്‍ണം വിദേശ വിപണികളിലേക്ക് കടത്തിയതായി കരുതുന്നതായി പോലീസ് പറയുന്നു. ദുബായിലോ ഇന്ത്യയിലോ ആയിരിക്കും സ്വര്‍ണമെത്തിയിട്ടുണ്ടാവുക. ഇവിടങ്ങളില്‍ സീരിയല്‍ നമ്പറുകളുള്ള സ്വര്‍ണം വില്‍ക്കാം. അവര്‍ അതിനെ ഉരുക്കിയിരിക്കാമെന്നും പീല്‍ പോലീസ് സര്ഡവീസ് ബോര്‍ഡ് യോഗത്തില്‍ അന്വേഷണ വിഭാഗം മേധാവി ഡിറ്റക്റ്റീവ് സര്‍ജന്റ് മൈക്ക് മാവിറ്റി പറഞ്ഞു. ഇതേതുടര്‍ന്ന് ഇന്ത്യയിലേക്കും ദുബായിലേക്കും അന്വേഷണം വ്യാപിപ്പികകുന്നതിനുള്ള നീക്കത്തിലാണ് പോലീസ്.