പൂമ്പാറ്റകൾ ഇത്രയൊക്കെ പറക്കുമോ?

By: 600007 On: Jul 8, 2024, 5:09 PM

 

മുറ്റത്തും തൊടിയിലും ഒക്കെ പാറിപ്പറക്കുന്ന നിരവധി പൂമ്പാറ്റകളെ നാം ദിനേന കാണുന്നതാണ്. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് പാറിപ്പറന്നു നടക്കുന്ന അവ അത്ര ദൂരമൊന്നും സഞ്ചരിക്കില്ല എന്നാണ് പൊതുവിൽ എല്ലാവരും കരുതുന്നത്. എന്നാൽ, ആ ധാരണ തെറ്റാണെന്ന് പറയുകയാണ് ഒരുകൂട്ടം ഗവേഷകർ. കിലോമീറ്ററുകൾ സഞ്ചരിക്കാനുള്ള ശേഷിയും പൂമ്പാറ്റകൾക്ക് ഉണ്ടത്രേ.

പെയിന്‌റഡ് ലേഡി ബട്ടർഫ്‌ളൈ ഇനത്തിൽപ്പെട്ട പൂമ്പാറ്റയാണ് ഗവേഷകർ കണ്ടെത്തിയ അതിദൂര പറക്കൽകാർ. ഇവയുടെ ശാസ്ത്രനാമം വനേസ കാർഡുയി എന്നാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെ 4200 കിലോമീറ്ററോളം ദൂരമാണ് ഈ ചിത്രശലഭങ്ങൾ തുടർച്ചയായി പറന്നിരിക്കുന്നത്.

2013 ഒക്ടോബറിൽ തെക്കേ അമേരിക്കൻ രാജ്യമായ ഫ്രഞ്ച് ഗയാനയിലെ ബീച്ചിൽ പെയിന്‌റഡ് ലേഡി ബട്ടർഫ്‌ളൈ കളെ ഗവേഷകർ കണ്ടെത്തി. ബീച്ചിൽ വിശ്രമിക്കുകയായിരുന്ന ഇവയുടെ ചിറകുകളിൽ നീണ്ടനേരം തുടർച്ചയായി പറന്നതുകാരണം സംഭവിച്ച പരിക്കുകൾ ഉണ്ടായിരുന്നു. എന്നാൽ, ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയ കാര്യം തെക്കേ അമേരിക്കയിൽ കാണപ്പെടാത്ത ഈ ശലഭങ്ങൾ ഇവിടെ എങ്ങനെ വന്നു എന്നതായിരുന്നു?