അമേരിക്കയില്‍ നിന്നും മാഞ്ചെസ്റ്ററിലേക്ക് തിരിച്ച വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ജൂലൈ 3ന് അമേരിക്കന്‍ എയര്‍ലൈന്‍സിലാണ് സംഭവം. ഒറിഗണ്‍ സ്വദേശിയായ 25 വയസ്സുള്ള നീല്‍ മക്കാത്തി എന്നയാളാണ് ചിക്കാഗോയില്‍ നിന്നും ബുധനാഴ്ച മാഞ്ചെസ്റ്ററിലേക്ക് പുറപ്പെട്ട വിമാനത്തില്‍ മൂത്രമൊഴിച്ചത്. കൂടാതെ ഇയാള്‍ നഗ്നതാ പ്രദര്‍ശനവും നടത്തിയതോടെ വിമാനം ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് വെസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോര്‍ണി ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
യുവാവിനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പരമാവധി ആറ് മാസം തടവും 5,000 ഡോളര്‍ പിഴയും ലഭിക്കും. കോടതിയില്‍ ഹാജരാക്കിയ മക്കാത്തിയെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.