വെസ്റ്റേണ്‍ കാനഡയിലുടനീളം ഉഷ്ണ തരംഗം തീവ്രമാകുമെന്ന് മുന്നറിയിപ്പ് 

By: 600002 On: Jul 8, 2024, 11:31 AM



 


വെസ്‌റ്റേണ്‍ കാനഡയിലുടനീളം ഉഷ്ണതരംഗം തീവ്രമാകുമെന്ന് മുന്നറിയിപ്പ് നല്‍കി എണ്‍വയോണ്‍മെന്റ് കാനഡ. ബീസിയിലും ആല്‍ബെര്‍ട്ടയിലും ഭൂരിഭാഗം പ്രദേശങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പലയിടങ്ങളിലും ഹീറ്റ് വാണിംഗ് നിലവിലുണ്ട്. പ്രവിശ്യകളില്‍ ഈയാഴ്ച 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് പ്രവചിക്കുന്നത്. ഉയര്‍ന്ന താപനില പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും അതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പ്രവിശ്യയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ ബീസിയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. 

കാല്‍ഗറി സ്റ്റാംപീഡ് പോലുള്ള പരിപാടികള്‍ സജീവമാകുന്നതോടെ ഉയര്‍ന്ന താപനില ജനങ്ങള്‍ക്ക് അപകടഭീഷണി ഉണ്ടാക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. മുന്‍കരുതലായി മിസ്റ്റിംഗ് സ്റ്റേഷനുകള്‍ പൂര്‍ണമായി സജ്ജമാക്കാന്‍ തയാറെടുക്കുകയാണ്. മെട്രോ വാന്‍കുവര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പകല്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ ആയിരിക്കും അനുഭവപ്പെടുക. 

അതേസമയം, അടുത്ത രണ്ട് ദിവസങ്ങളില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തുമെന്ന് പ്രവചിച്ചതിനാല്‍ ടൊറന്റോ, ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലുള്‍പ്പെടെ ഹീറ്റ് വാണിംഗ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ പകല്‍ സമയത്ത് ഉയര്‍ന്ന താപനില 31 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്നും ഈര്‍പ്പം കൂടിച്ചേര്‍ന്ന് 35 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെട്ടേക്കാമെന്നും എണ്‍വയോണ്‍മെന്റ് കാനഡ വ്യക്തമാക്കി.