കാല്‍ഗറി ഡേകെയറില്‍ ഇ.കോളി ബാധ  എഎച്ച്എസ് സ്ഥിരീകരിച്ചു; കൂടുതല്‍ വ്യാപനത്തിന്റെ സൂചനകളില്ല

By: 600002 On: Jul 8, 2024, 9:39 AM

 


കഴിഞ്ഞ വര്‍ഷം ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് ഇ-കോളി ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ച കാല്‍ഗറിയിലെ അതേ ഡേകെയര്‍ ശൃംഖലയിലാണ് ഈ വര്‍ഷവും ഇ.കോളി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ഫ്യുലിംഗ് ബ്രെയിന്‍സ് അക്കാദമിയുടെ വെസ്റ്റ് 85-ാം കാമ്പസിലാണ് ഇ.കോളി സാന്നിധ്യം സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് കത്ത് അയച്ചിട്ടുണ്ട്. ഇതില്‍ ഡേകെയറില്‍ ഇ.കോളി സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇ.കോളി ബാധിക്കാന്‍ കാരണമായ ഉറവിടത്തിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അറിയിക്കുന്നു. 

എഎച്ച്എസ് വ്യാപകമായ പരിശോധന തുടരുന്നുണ്ട്. ജൂലൈ 4 ന് ഡേകെയറില്‍ നടത്തിയ പരിശോധനയില്‍ ബാക്ടീരിയ സാന്നിധ്യം ഉണ്ടാകാനിടയായ കാരണമൊന്നും കണ്ടെത്താനായിട്ടില്ലെന്ന് കത്തില്‍ എഎച്ച്എസിന്റെ കാല്‍ഗറിയിലെ ഓഫീസര്‍ ഡോ. ഫ്രാങ്കോ റിസുട്ടി പറഞ്ഞു. 

ഡേകെയറിലുണ്ടായിരുന്ന ഒരു വയസ്സുകാരനാണ് ഇ.കോളി പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വെസ്റ്റ് 85-ആം കാമ്പസ് അടച്ചുപൂട്ടിയതായും അക്കാദമി അറിയിച്ചു. ഡേകെയറിലെ കുട്ടികളുടെ രക്ഷിതാക്കള്‍ അവരുടെ കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ 811 എന്ന നമ്പറില്ഡ ബന്ധപ്പെടണമെന്നും എഎച്ച്എസ് നിര്‍ദ്ദേശിച്ചു. 

2023 സെപ്റ്റംബറില്‍ ആറ് ഫ്യുവലിംഗ് ബ്രെയിന്‍സ് ലൊക്കേഷനുകളിലും സെന്‍ട്രല്‍ കിച്ചണ്‍ പങ്കിടുന്ന അഞ്ച് സൈറ്റുകളിലുമാണ് ഇ.കോളി അണുബാധ റിപ്പോര്‍ട്ട് ചെയ്തത്. 350 ഓളം പേരാണ് അന്ന് രോഗബാധിതരായത്. 

അതേസമയം, എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഡേകെയര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിഇഒ ഫൈസല്‍ അലിമൊഹദ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇ.കോളി രണ്ടാം ടെസ്റ്റ് നെഗറ്റീവാണ്. മൂന്നാം ടെസ്റ്റ് നടത്തിവരികയാണെന്നും അലിമോദ് പറഞ്ഞു. കൂടുതല്‍ വ്യാപനത്തിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.