എച്ച്‌.ഐ.വി തടയാനുള്ള മരുന്ന് വിജയം; ഗുളികകളെക്കാള്‍ മികച്ച ഫലം

By: 600007 On: Jul 8, 2024, 8:50 AM

ദക്ഷിണാഫ്രിക്കയിലും യുഗാണ്‍ഡയിലും എച്ച്‌.ഐ.വി തടയാനായി നടത്തിയ പുതിയ മരുന്നിന്റെ പരീക്ഷണം വിജയം. ലെനാകപവിർ എന്ന പുതിയ മരുന്നിന്റെ പരീക്ഷണമാണ് വിജയം കണ്ടത്.


വർഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്‌.ഐ.വി. അണുബാധയില്‍നിന്ന് യുവതികള്‍ക്ക് പൂർണസുരക്ഷയൊരുക്കാമെന്ന് മരുന്നുപരീക്ഷണഫലം. എച്ച്‌.ഐ.വി. അണുബാധ നിലവില്‍ ഇല്ലാത്ത, എന്നാല്‍ എച്ച്‌.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നല്‍കുന്ന പ്രി-എക്‌സ്പോഷർ പ്രൊഫൈലാക്‌സിസ് വിഭാഗത്തില്‍പ്പെടുന്ന മരുന്നാണിത്.

നിലവില്‍ രണ്ടുതരം ഗുളികകള്‍ ലോകത്തെമ്ബാടും ഇത്തരത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഗുളിക നിത്യവും കഴിക്കേണ്ടതുണ്ട്. എന്നാല്‍, ചർമത്തിനടിയില്‍ കുത്തിവെക്കുന്ന ലെനാകപവിർ ഈ ഗുളികളെക്കാള്‍ മികച്ച ഫലം നല്‍കുമെന്ന് 5000 സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിനുശേഷം ഗവേഷകർ പറയുന്നു. എച്ച്‌.ഐ.വി. ബാധ വളരെയധികം കാണപ്പെടുന്ന പ്രദേശങ്ങളിലാണ് പുതിയ മരുന്ന് പരീക്ഷണം നടത്തിയത്. ഗിലിയഡ് സയൻസസ് എന്ന യു.എസ്. കമ്ബനിയാണ് നിർമാതാക്കള്‍. ലോകത്ത് ഒരുവർഷം 13 ലക്ഷം പേർക്കാണ് എച്ച്‌.ഐ.വി. അണുബാധയുണ്ടാവുന്നത്.