ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി; തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ ബീസി സ്വദേശിനിയെ അറസ്റ്റ് ചെയ്തു

By: 600002 On: Jul 8, 2024, 8:42 AM

 

തീവ്രവാദ ഗ്രൂപ്പായ ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയ ബ്രിട്ടീഷ് കൊളംബിയ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. സിറിയന്‍ ജയില്‍ ക്യാമ്പില്‍ നിന്ന് കാനഡയിലേക്ക് തിരിച്ചയച്ച 51 വയസ്സുള്ള സ്‌ക്വാമിഷ് നിവാസിയായ കിംബര്‍ലി പോള്‍മാനെയാണ് ആര്‍സിഎംപി അറസ്റ്റ് ചെയ്തത്. 2015 ലാണ് പോള്‍മാന്‍ കാനഡയില്‍ നിന്നും സിറിയയിലേക്ക് തിരിച്ചത്. ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയതായും പോലീസ് പറഞ്ഞു. ഓഗസ്റ്റ് 2 ന് വാന്‍കുവര്‍ പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ പോള്‍മാനെ ഹാജരാക്കും. 

2022 ഒക്ടോബറിലാണ് പോള്‍മാനെ ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തി കാനഡയിലേക്ക് തിരിച്ചയച്ചത്. 2023 നവംബര്‍ മുതല്‍ അന്വേഷണ വിധേയയായി കഴിയുകയായിരുന്നു.  കാനഡയില്‍ നിന്നും സിറിയയിലേക്ക് പോയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കിംബര്‍ലി പോള്‍മാനെതിരെ അന്വേഷണം ആരംഭിച്ചത്. സ്ത്രീകള്‍ക്ക് ആയുധപരിശീലനം നല്‍കുന്ന നുസൈബ കതിബ എന്ന ഐഎസ് ബറ്റാലിയനില്‍ കിംബര്‍ലി അംഗമായിരുന്നതായി ആര്‍സിഎംപി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമെ എംനി എന്നറിയപ്പെടുന്ന ഐഎസ് രഹസ്യ പോലീസിന് വിവരങ്ങള്‍ നല്‍കുന്ന ആളായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതായി ആര്‍സിഎംപി ആരോപിക്കുന്നു. 

പസഫിക് റീജിയന്‍ ആര്‍സിഎംപി ഫെഡറല്‍ പോലീസിംഗ് ഇന്റഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി എന്‍ഫോഴ്‌സ്‌മെന്റ് ടീം(INSET)  തീവ്രവാദ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കാനഡയില്‍ നിന്നും സിറിയയിലേക്ക് പോയതിന് പോള്‍മാനെതിരെ കുറ്റം ചുമത്തിയതായി അറിയിച്ചു.