പട്ടിയും പൂച്ചയും പിന്നെ ചില പക്ഷകളുമൊക്കെയാണ് സാധാരണയായി നമ്മള്‍ വളര്‍ത്തുന്നത്. എന്നാല്‍ മറ്റ് ചില രാജ്യങ്ങളില്‍ കടുവ, സിംഹം തുടങ്ങിയ കൂടുതല്‍ വന്യമായിട്ടുള്ള മൃഗങ്ങളെ വളര്‍ത്തുന്നതിന് അനുമതിയുണ്ട്. അത്തരം രാജ്യങ്ങളില്‍ നിന്നും മൃഗങ്ങളുമൊത്തുള്ള ഉടമകളുടെ വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുമുണ്ട്. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാര്‍ ഒന്ന് അമ്പരന്നു.
റിയോ ലില്ലി എന്ന യുവതിയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചത്. കാലിഫോർണിയയില്‍ മിർട്ടിൽ ബീച്ച് സഫാരി എന്ന മൃഗശാലയുടെ ഉടമയാണ് റിയോ ലില്ലി. അവിടെയുള്ള മൃഗങ്ങളുമൊത്തുള്ള നിരവധി വീഡിയോകള്‍ തന്‍റെ സമൂഹമാധ്യമ പേജിലൂടെ റിയോ നേരത്തെയും പങ്കുവച്ചിട്ടുണ്ട്. എത്ര വന്യമായ മൃഗമാണെങ്കില്‍ പോലും റിയോയുടെ മുന്നില്‍ അത് പൂച്ചക്കുട്ടിയാണ്. ആനകൾ, സിംഹങ്ങൾ, കടുവകൾ, ഗൊറില്ലകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങൾ മൃഗശാലയിലുണ്ട്. ഈ മൃഗങ്ങൾക്കൊപ്പം സന്ദര്‍ശകരെ ഫോട്ടോകൾ എടുക്കാൻ അനുവദിക്കുന്നു. റിയോ ലില്ലിയുടെ മൃഗങ്ങള്‍ ആരെയും അക്രമിക്കില്ല.