ട്രൂഡോ ഭരണത്തിന് കീഴില്‍ കാനഡയ്ക്ക് ലോകത്തിലെ സ്ഥാനം നഷ്ടപ്പെട്ടു: മുന്‍ വിദേശകാര്യമന്ത്രി

By: 600002 On: Jul 6, 2024, 7:37 PM

 

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണത്തിന് കീഴില്‍ കാനഡയ്ക്ക് ലോകമെമ്പാടുമുള്ള സ്ഥാനം നഷ്ടപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി മുന്‍ വിദേശകാര്യമന്ത്രി മാര്‍ക്ക് ഗാര്‍നോ. രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കുന്നതും വലിയ പ്രധാന്യമൊന്നുമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തുന്നതുമായ മോശം നേതാവാണ് ട്രൂഡോയെന്നും അദ്ദേഹം പറയുന്നു. A Most Extraordinary Ride: Space, Politics and the Pursuit of a Canadian Dream എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ ആത്മകഥയിലാണ് ട്രൂഡോയ്‌ക്കെതിരെയും ഭരണകൂടത്തിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ അദ്ദേഹം നടത്തുന്നത്. ഒക്ടോബറില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആത്മകഥ പുറത്തിറക്കും. 

സൈന്യത്തിലും ബഹിരാകാശ യാത്രികനെന്ന നിലയിലും ഗാര്‍ന്യൂവിന്റെ രാഷ്ട്രീയത്തിന് മുമ്പുള്ള ജീവിതാനുഭവങ്ങളുടെ ഓര്‍മ്മകളിലൂടെയുള്ള യാത്രയാണ് പുസ്തകത്തിന്റെ ഭൂരിഭാഗവും. പാര്‍ലമെന്റ് അംഗമെന്ന നിലയിലെ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. പല സംഭവവികാസങ്ങളിലും മറ്റ് വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും കാനഡയ്ക്ക് വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ പൂര്‍ണമായും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. 2016 ലും 2017 ലും ചൈനയിലേക്കുള്ള യാത്രയും, 2018 ല്‍ ഇന്ത്യയിലേക്കുള്ള ട്രൂഡോ നടത്തിയ യാത്രകളും വിജയിച്ചില്ലെന്ന് അദ്ദേഹം ആത്മകഥയില്‍ വിവരിക്കുന്നു.