തകര്‍ന്നടിഞ്ഞ് ഇന്ത്യൻ യുവനിര; ലോകകപ്പ് നേട്ടത്തിന് പിന്നാലെ സിംബാബ്‌വെക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി

By: 600007 On: Jul 6, 2024, 5:49 PM

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവനിരയുമായി ഇറങ്ങിയ ഇന്ത്യക്ക് 13 റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി. സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ യുവനിര സിംബാബ്‌വെയ്ക്ക് മുന്നില്‍ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞത് ആരാധകരെ ഞെട്ടിച്ചു. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും 29 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും‍ ഒഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ പൊരുതിയില്ല.

സിംബാബ്‌വെക്കായി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ചതാരയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ സിംബാബ്‌വെ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം നാളെ ഇതേ ഗ്രൗണ്ടില്‍ നടക്കും. ടി20യില്‍ ഈ വര്‍ഷം ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയാണിത്.