ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്കായി സംഘത്തെ അയക്കുമെന്ന്​ നെതന്യാഹു

By: 600007 On: Jul 6, 2024, 1:03 PM

 

 

ദുബൈ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൊടിയ ആ​ക്രമണം പത്താം മാസത്തിലെത്തി നിൽക്കെ, വെടിനിർത്തൽ ചർച്ചക്കായുള്ള പ്രാരംഭ കൂടിയാലോചനകൾക്ക്​ ഖത്തർ തലസ്​ഥാനമായ ദോഹയിൽ തുടക്കം. ഇസ്രാ​യേൽ ചാരസംഘടനയായ മൊസാദി​​ന്റെ മേധാവി ഡേവിഡ്​ ​ബർണിയ ഇന്നലെ ഖത്തറിലെത്തി നേതാക്കളുമായി ഹമാസ്​ സമർപ്പിച്ച നിർദേശം സംബന്ധിച്ച്​ ചർച്ച നടത്തി. ഹമാസ്​ മുന്നോട്ടു വെച്ച ചില കാര്യങ്ങളിലുള്ള എതിർപ്പ്​ മധ്യസ്ഥ രാജ്യം എന്ന നിലയിൽ ഖത്തറിനെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ബന്ദികൾക്ക്​ പകരം കൈമാറുന്ന ഫലസ്​തീൻ തടവുകാരുടെ കാര്യത്തിൽ ഹമാസ്​ ഉപാധി സ്വീകാര്യമല്ലെന്നാണ്​ ഇസ്രായേൽ നിലപാട്​. അടുത്ത ആഴ്​ച നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഇസ്രായേൽ സംഘം പ​ങ്കെടുക്കുമെന്ന്​ നെതന്യാഹുവിന്റെ ഓഫീസ്​ അറിയിച്ചു. ചർച്ച ചിലപ്പോൾ ദിവസങ്ങളോ ആഴ്​ചകളോ നീണ്ടേക്കുമെന്ന സൂചനയാണ്​ ഇസ്രായേൽ നൽകുന്നത്​. ഹമാസി​ൻ്റെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും വൈകാതെ വെടിനിർത്തൽ യാഥാർഥ്യമാകുമെന്നും വൈറ്റ്​ ഹൗസ്​ അറിയിച്ചു.