എല്‍സിബിഒ ജീവനക്കാര്‍ സമരം ആരംഭിച്ചു; ഒന്റാരിയോയില്‍ സ്‌റ്റോറുകള്‍ അടച്ചുപൂട്ടി 

By: 600002 On: Jul 6, 2024, 11:05 AM

 

ക്രൗണ്‍ കോര്‍പ്പറേഷനുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ ഒന്റാരിയോയിലെ ലിക്കര്‍ കണ്‍ട്രോള്‍ ബോര്‍ഡ്(എല്‍സിബിഒ) തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ സമരം ആരംഭിച്ചു. ഇതോടെ വ്യാഴാഴ്ച വൈകിട്ടോടെ പ്രവിശ്യയിലുടനീളമുള്ള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മദ്യശാലകള്‍ അടച്ചുപൂട്ടി. ഒമ്പതിനായിരത്തിലധികം എല്‍സിബിഒ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഒന്റാരിയോ പബ്ലിക് സര്‍വീസ് എംപ്ലോയീസ് യൂണിയന്‍ അറിയിച്ചു. പണിമുടക്കിനൊപ്പം പ്രവിശ്യാ കോര്‍പ്പറേഷനുമായുള്ള ചര്‍ച്ച തുടരുമെന്നും അറിയിച്ചു. 

മദ്യശാലകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് യൂണിയന്‍ അറിയിച്ചു. ഇരുപക്ഷവും ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ ജൂലൈ 19 ന് പ്രവിശ്യയിലുടനീളമുള്ള 30 എല്‍സിബിഒ സ്റ്റോറുകള്‍ ഇന്‍-സ്‌റ്റോര്‍ ഷോപ്പിംഗിനായി തുറക്കും. എന്നാല്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ ഈ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കൂ.