ബ്രിട്ടണിലെ ഭരണമാറ്റം: കാനഡയ്ക്ക് പ്രതീക്ഷയേകുന്നു; സ്വതന്ത്ര വ്യാപാര ഇടപാടുകള്‍ വീണ്ടും ചര്‍ച്ചയാകും 

By: 600002 On: Jul 6, 2024, 10:04 AM

 

 

വ്യാഴാഴ്ച തെരഞ്ഞെടുപ്പിന് ശേഷം ബ്രിട്ടണിലുണ്ടായ ചരിത്രപരമായ ഭരണമാറ്റം കാനഡയ്ക്ക് പ്രതീക്ഷയേകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഇടപാടുകള്‍ക്ക് ഉണര്‍വ് നല്‍കുന്ന സംഭവവികാസങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഋഷി സുനക് സ്ഥാനമൊഴിഞ്ഞ ശേഷം ചാള്‍സ് മൂന്നാമന്‍ രാജാവ് നിയമിച്ച കെയ്ര്‍ സ്റ്റാര്‍മര്‍ വെള്ളിയാഴ്ച രാവിലെ ഔദ്യോഗികമായി പ്രധാനമന്ത്രിയായി അധികാരമേറ്റു. ലേബര്‍ പാര്‍ട്ടിയുടെ വിജയം കാനഡയ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

ഇരുരാജ്യങ്ങളും ശക്തമായ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് കാള്‍ട്ടണ്‍ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായ അക്കിം ഹുറല്‍മാന്‍ പറഞ്ഞു. യുകെയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലിബറല്‍ പാര്‍ട്ടിയും വ്യത്യസ്ത പാര്‍ട്ടി സ്വഭാവങ്ങളിലുള്ളതാണെങ്കിലും പൊതുവെ അന്താരാഷ്ട്ര, വ്യാപാര വിഷയങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ബ്രെക്‌സിറ്റിന് ശേഷം ആരംഭിച്ച സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ജനുവരിയില്‍ വഴിമുട്ടി. ബ്രിട്ടനില്‍ പുതിയ പാര്‍ട്ടി വരുന്നതോടെ ചര്‍ച്ചകള്‍ വീണ്ടും പുന:രാരംഭിക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. 

അതേസമയം, കാനഡയില്‍ നിന്ന് ഹോര്‍മോണ്‍-ട്രീറ്റഡ് ബീഫ് വില്‍ക്കുന്നത് നിരോധിക്കുന്ന ബ്രിട്ടീഷ് നിയമങ്ങളെക്കുറിച്ചും ഓട്ടോമോട്ടീവ് മേഖലയിലെ നിയമങ്ങളെക്കുറിച്ചും ആശങ്കകള്‍ ഉണ്ട്. ഇതിനും പരിഹാരമാകുമെന്നാണ് കരുതുന്നത്. ഒരു പ്രത്യേക കരാര്‍ ഒപ്പിടുന്നത് വരെ മുന്‍ യൂറോപ്യന്‍ യൂണിയന്‍ വ്യാപാര നിയമങ്ങളില്‍ ഭൂരിഭാഗവും നിലനിര്‍ത്തുന്ന ഒരു തുടര്‍ച്ച കരാര്‍ നിലവിലുണ്ട്. കാനഡയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുകെ. പ്രതിവര്‍ഷം ഏകദേശം 45 ബില്യണ്‍ ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്.