കാലുകൊണ്ട് ചവിട്ടിപ്പിഴിഞ്ഞ് മുന്തിരി വൈൻ, വില 10000, ആവശ്യക്കാർ ഏറെയെന്ന് മോഡൽ

By: 600007 On: Jul 5, 2024, 5:23 PM

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇഷ്ടപ്പെടുന്ന ജനപ്രിയമായ ഒരു പാനീയമാണ് വൈൻ. അതുകൊണ്ട് തന്നെ വില അൽപ്പം കൂടിയാലും വൈൻ വാങ്ങിക്കാനും ആഘോഷങ്ങളുടെ ഭാ​ഗമാക്കാനും ആരും മടിക്കാറില്ല. ഏത് വീഞ്ഞിൻ്റെയും ഗുണനിലവാരവും വിലയും അത് ഉണ്ടാക്കുന്ന പ്രക്രിയയെയും ഉപയോഗിക്കുന്ന മുന്തിരിയുടെ ഗുണനിലവാരത്തെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. 

എന്നാൽ, കാലുകൊണ്ട് മുന്തിരി ചതച്ച് വീഞ്ഞുണ്ടാക്കുന്ന ഒരിടമുണ്ട്. ഒരു റിപ്പോർട്ട് അനുസരിച്ച്, യുകെയിൽ നിന്നുള്ള ഒരു മോഡലാണ് ഈ വൈനുണ്ടാക്കുന്നത്. അവർ അവകാശപ്പെടുന്നത് പലർക്കും തൻ്റെ കാലുകൊണ്ട് ചതച്ച മുന്തിരി ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈനിൻ്റെ രുചി ഏറെ ഇഷ്ടമാണെന്നാണ്. ഇത് നിങ്ങൾക്ക് വിചിത്രമായി തോന്നിയേക്കാം, എന്നാൽ 30 വയസ്സുള്ള ഈ മോഡൽ അടുത്തിടെ തന്റെ ഈ സ്പെഷ്യൽ വൈൻ ഒരു ബ്രാൻഡ് ആയി തന്നെ ആരംഭിച്ചിരിക്കുകയാണ്.

എമിലി റേ എന്ന മോഡലാണ് ഇത്തരത്തിൽ ഒരു വൈൻ സംരംഭം ആരംഭിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, എമിലി റേ ഒരു ഇംഗ്ലീഷ് ഫൂട്ട് മോഡലാണ്. കാലുകൊണ്ട് ചതച്ചരച്ച് ഉണ്ടാക്കുന്ന വൈനിന് ഒരു കുപ്പിയുടെ വില ഏകദേശം 100 പൗണ്ട് (ഏകദേശം 10,662 രൂപ) ആണ്. സ്പെയിനിലെ കാറ്റലോണിയയിലും ലെബനനിലും വളരുന്ന മുന്തിരി ഉപയോഗിച്ചാണ് വൈൻ  ഉണ്ടാക്കുന്നത്. ഈ വൈനിന് ഇപ്പോൾ ആവശ്യക്കാർ കൂടിവരികയാണെന്നാണ് എമിലി അവകാശപ്പെടുന്നത്.