ഗാര്‍ഹിക കടം ഉയരുന്ന രാജ്യങ്ങളില്‍ കാനഡ മുന്നിലേക്കെത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഭൂരിഭാഗം പേരും കടക്കെണിയിലാണെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഗ്രൂപ്പായ ഡെസ്ജാര്‍ഡിന്‍സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ഗാര്‍ഹിക കടമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കാനഡ. സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവയ്ക്ക് പിന്നാലെയാണ് കാനഡയുടെ സ്ഥാനം. കാനഡ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്റെ (സിഎംഎച്ച്‌സി) 2023 മെയ് മാസം പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ ജി7 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്നത് കാനഡയുടെ ഗാര്‍ഹിക കടമാണെന്ന് കണ്ടെത്തിയിരുന്നു.
കാനഡയില്‍ എല്ലാ കടങ്ങളുടെയും പകുതിയിലധികവും വഹിക്കുന്നത് ഏറ്റവും ഉയര്‍ന്ന വരുമനമുള്ള കുടുംബങ്ങളാണെന്ന് ഡെസ്ജാര്‍ഡിന്‍സ് പറയുന്നു. ഏറ്റവും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ ഗാര്‍ഹിക കടത്തിന്റെ 45 ശതമാനം വഹിക്കുന്നു. 2019 മുതല്‍ വര്‍ധിച്ചുവരുന്ന മോര്‍ഗേജ് കടം ഈ ഗ്രൂപ്പിനെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കാനഡയില്‍ സമ്പന്നരും അല്ലാത്തവരും തമ്മിലുള്ള അസമത്വം വര്‍ധിച്ചതായും ഡെസ്ജാര്‍ഡിന്‍സ് രേഖപ്പെടുത്തുന്നു. ഉയര്‍ന്ന പലിശ നിരക്ക് വരുമാന വിതരണത്തെ ബാധിക്കുന്നു. ഇത് സമ്പന്നര്‍ക്ക് പ്രയോജനം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.