നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ടയില്‍ കാട്ടുതീ വ്യാപിക്കുന്നു; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി 

By: 600002 On: Jul 5, 2024, 11:59 AM

 


നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ടയില്‍ കാട്ടുതീ നിയന്ത്രണാതീതമായി വ്യാപിക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ആളുകള്‍ ജാഗ്രത പാലിക്കാനും മുന്‍കരുതല്‍ സ്വീകരിക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഹൈ ലെവല്‍ ഏരിയയില്‍ നിയന്ത്രണാതീതമായ 13 എണ്ണം ഉള്‍പ്പെടെ വ്യാഴാഴ്ച പ്രവിശ്യയിലുടനീളം 65 ഓളം കാട്ടുതീകളാണ് ഉണ്ടായത്. 

നോര്‍ത്തേണ്‍ ഫോര്‍ട്ട് മക്മറെയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ഫയര്‍ ബാഗ് സൈറ്റില്‍ നിന്ന് സണ്‍കോര്‍ തൊഴിലാളികളെ 
ഒഴിപ്പിച്ചു. പ്രധാന പ്ലാന്റില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയായി തീ ആളിപ്പടരുന്നതിനാല്‍ ആവശ്യമുള്ള ജീവനക്കാര്‍ മാത്രമാണ് ഇവിടെ നില്‍ക്കുന്നതെന്ന് കമ്പനി അറിയിച്ചു. 

നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാന്‍ ആവശ്യമായ ഉപകരണങ്ങളും അഗ്നിശമന സേനാംഗങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് പ്രവിശ്യ അറിയിച്ചു. എങ്കിലും ക്യാമ്പ്ഫയര്‍ പോലുള്ളവ നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രവിശ്യയില്‍ ഫയര്‍ ബാനും മറ്റ് നിയന്ത്രണങ്ങളും നിലവിലുണ്ട്. തീപടരുന്നതിനെ തുടര്‍ന്ന് എഡ്മന്റണിലും കാല്‍ഗറിയിലും പുക മൂടില്ലെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.