കാല്‍ഗറിയിലെ പ്രധാന പൈപ്പിലെ തകരാര്‍: സ്വതന്ത്ര അവലോകനം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെടുത്തേക്കും; പ്രാദേശിക അടിയന്തരാവസ്ഥ പിന്‍വലിച്ചു 

By: 600002 On: Jul 5, 2024, 10:30 AM

 

കാല്‍ഗറിയില്‍ ഒരു മാസം ജല പ്രതിസന്ധി സൃഷ്ടിച്ച പ്രധാന പൈപ്പിലെ തകരാര്‍ സംബന്ധിച്ച സ്വതന്ത്ര അവലോകനം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വരെ സമയമെടുത്തേക്കും. നഗരത്തെ അടിയന്തരാവസ്ഥയിലാക്കുകയും താമസക്കാര്‍ക്ക് ജലക്ഷാമം സൃഷ്ടിക്കുകയും ചെയ്ത ദുരിതത്തെക്കുറിച്ച് മൂന്നാം കക്ഷി സ്വതന്ത്ര അവലോകനത്തിന് മേയര്‍ ജ്യോതി ഗോണ്ടെക്ക് ആവശ്യപ്പെടുകയായിരുന്നു. ഇതാദ്യമായാണ് കാല്‍ഗറി സിറ്റി സ്വതന്ത്ര അവലോകനം നടത്തുന്നത്. 

അവലോകനം നടത്തുമ്പോള്‍ പൊതുജനങ്ങളില്‍ നിന്നും കൂടുതല്‍ അഭിപ്രായം ആരായുവാന്‍ ചില കൗണ്‍സിലര്‍മാര്‍ നിര്‍ദ്ദേശിച്ചു. ദുരിതം നേരിട്ട് അനുഭവിച്ചവര്‍ എന്ന നിലയില്‍ കാല്‍ഗറിയിലെ താമസക്കാരെ നേരില്‍ക്കണ്ട് അവരുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നത് ഭാവിയിലേക്ക് പ്രയോജനകരമാകുമെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. ചിലര്‍ കാല്‍ഗറി പുറത്തുള്ള സമാനമായ സംഭവങ്ങളെക്കുറിച്ച് പഠനം നടത്താന്‍ ആവശ്യപ്പെടുന്നു. കൂടാതെ കാല്‍ഗറിക്ക് പുറത്തുള്ള വിദഗ്ധരെയും അവലോകന നടപടിക്രമങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു. പാനല്‍ രൂപീകരണവുമായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം, നഗരത്തിലെ പ്രാദേശിക അടിയന്തരാവസ്ഥ പിന്‍വലിച്ചതായി കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക് അറിയിച്ചു. ജലവിതരണ പൈപ്പിലെ തടസത്തെ തുടര്‍ന്ന് ജൂണ്‍ 15 നാണ് നഗരത്തില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാല്‍ ഔട്ട് ഡോര്‍ ജല നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.