യുഎസിലേക്ക് പോകാന്‍  മാസങ്ങളോളം നീണ്ട വിസ ബാക്ക്‌ലോഗ്; വേഗത്തില്‍ നടപടിക്രമങ്ങള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കാനഡയിലുള്ളവര്‍ ഇരകളാകുന്നു 

By: 600002 On: Jul 5, 2024, 10:03 AM

 

അമേരിക്കയിലേക്ക് പോകാനായുള്ള വിസ അപേക്ഷകളുടെ നടപടിക്രമങ്ങള്‍ വൈകുന്നതോടെ കാനഡയിലുള്ളവരെ മറ്റ് മാര്‍ഗങ്ങള്‍ ആശ്രയിക്കാന്‍ പ്രേരിപ്പിച്ച് തട്ടിപ്പുകാര്‍. വിസ അപേക്ഷകളില്‍ വേഗത്തില്‍ നടപടിക്രമങ്ങള്‍ വാഗ്ദാനം ചെയ്ത് കാനഡയില്‍ താമസിക്കുന്നവരില്‍ നിന്നും പണം തട്ടിയെടുക്കുന്നതായുള്ള സംഭവങ്ങള്‍ സമീപദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ അതോറിറ്റി ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന യുഎസ് വിസ കാത്തിരിപ്പ് സമയം നേരിടുന്ന ആയിരക്കണക്കിന് ആളുകള്‍ കാനഡയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി തട്ടിപ്പുകാര്‍ വിവിധ സ്‌കീമുകള്‍ അവതരിപ്പിക്കുന്നു. ആളുകള്‍ വേഗത്തിലുള്ള നടപടിക്രമങ്ങള്‍ പ്രതീക്ഷിച്ച് തട്ടിപ്പുകാരുടെ വാഗ്ദാനങ്ങളില്‍ വീഴുന്നു. 

ജൂണ്‍ അവസാനത്തോടെ, കാനഡയിലെ യുഎസ് കോണ്‍സുലേറ്റുകളുടെ ഔദ്യോഗിക കാത്തിരിപ്പ് സമയം ഏകദേശം 700 മുതല്‍ 900 ദിവസങ്ങള്‍ വരെയാണെന്നാണ് റിപ്പോര്‍ട്ട്. ടൂറിസം, ബിസിനസ്സ്, കണ്‍വെന്‍ഷന്‍, കോണ്‍ഫറന്‍സ്, മെഡിക്കല്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയ കാരണങ്ങളില്‍ യുഎസില്‍ പ്രവേശിക്കുന്നതിന് കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, താല്‍ക്കാലിക വിദേശ തൊഴിലാളികള്‍, അല്ലെങ്കില്‍ സ്ഥിര താമസക്കാര്‍ എന്നിവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമാണ്. വിസ അപേക്ഷകള്‍ക്കുള്ള നീണ്ട കാലതാമസം അപേക്ഷകരില്‍ നിരാശയുണ്ടാക്കുന്നു. ഇത് മുതലെടുത്താണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്. 

ഓണ്‍ലൈനുകള്‍ വഴിയുള്ള വിസ അപേക്ഷാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാമെന്ന വാഗ്ദാനത്തില്‍ വീഴുന്ന അപേക്ഷകര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാരുമായി പങ്കുവയ്ക്കുന്നു. തട്ടിപ്പുകാര്‍ വിവരങ്ങള്‍ മനസ്സിലാക്കി പണം തട്ടുന്നു. ഇതോടെയാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായെന്ന് അപേക്ഷകര്‍ തിരിച്ചറിയുന്നത്. 

കഴിഞ്ഞ വര്‍ഷം കാനഡയിലെ യുഎസ് എംബസിക്കും കോണ്‍സുലേറ്റിനും ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. അതിനാല്‍ പണം നഷ്ടമാകാതിരിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യരുതെന്നും സാമ്പത്തിക, വ്യക്തിഗത വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.