ലണ്ടൻ: ബ്രിട്ടനിൽ വമ്പൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിൽ. 14 വർഷം നീണ്ട കൺസർവേറ്റിവ് പാർട്ടി ഭരണമാണ് അവസാനിച്ചത്. ഋഷി സുനക്കിന്റെ കൺസർവേറ്റീവ് പാർട്ടിയ്ക്ക് ചരിത്രത്തിലെ വലിയ പരാജയം സമ്മാനിച്ചാണ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകുന്നത്. 650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളും ലേബർ പാർട്ടി നേടി.
കെയ്ർ സ്റ്റാർമർ ആണ് പുതിയ പ്രധാനമന്ത്രി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് ഉണ്ടായത്. ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നു, മാറ്റത്തിനായി പൊരുതിയവർക്ക് നന്ദിയെന്നാണ് വമ്പൻ വിജയം അറിഞ്ഞ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമരുടെ പ്രതികരണം.
സ്റ്റാർമരുടെ നേതൃത്വത്തിൽ ലേബർ പാർട്ടി നേടിയത് ബ്രിട്ടന്റെ ചരിത്രത്തിലെ ഉജ്ജ്വല വിജയങ്ങളിൽ ഒന്നാണ്.
സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റവും ആരോഗ്യമേഖലയും മുഖ്യ ചർച്ചാ വിഷയങ്ങളായ തെരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെയും കൺസർവേറ്റിവ് സർക്കാരിന്റെയും നയങ്ങൾ ജനം പാടെ തള്ളി. അഞ്ചുകോടി വോട്ടർമാർ 650 പാർലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്ത ജനവിധിയിൽ കൺസർവേറ്റിവ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ സീറ്റുകൾ പോലും ലേബർ പാർട്ടി പിടിച്ചെടുത്തു.