കാലിഫോര്‍ണിയ: സാമൂഹ്യമാധ്യമമായ ത്രഡ്‌സില്‍ ഏറ്റവും കൂടുതല്‍ ആക്‌ടീവ് യൂസര്‍മാരുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് മെറ്റ. ആഗോളതലത്തില്‍ മാസംതോറും 175 മില്യണ്‍ (17.5 കോടി) ആക്ടീവ് യൂസര്‍മാരാണ് ത്രഡ്‌സിനുള്ളത്. എലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് (എക്‌സ്) ബദലായി ത്രഡ്സ് മെറ്റ ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുമ്പോഴാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
'ത്രഡ്സ് ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുന്നു. 175 മില്യണ്‍ ആക്‌ടീവ് യൂസര്‍മാരുള്ള ത്രഡ്സ് ആളുകള്‍ക്ക് അവരുടെ ചിന്തകളും അഭിപ്രായങ്ങളും പറയാന്‍ ഏറ്റവും ഉചിതമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് എന്നാണ് മനസിലാകുന്നത്. ആഗോള തലത്തില്‍ ഏറ്റവും ആക്ടീവ് ത്രഡ്സ് യൂസര്‍മാരുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്' എന്നും മെറ്റയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സിനിമ, ടെലിവിഷന്‍ ഷോകള്‍, ഒടിടി കണ്ടന്‍റുകള്‍, സെലിബ്രിറ്റി സംബന്ധമായ ചര്‍ച്ചകള്‍, സ്പോര്‍ട്‌സ് എന്നിവയാണ് ഇന്ത്യയില്‍ ത്രഡ്സില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കത്തിന്‍റെ വിവരങ്ങള്‍. ക്രിക്കറ്റാണ് ഇന്ത്യയില്‍ ത്രഡ്സില്‍ ഏറ്റവും ട്രെന്‍ഡിംഗാകുന്ന കണ്ടന്‍റ് എന്നതാണ് ഏറ്റവും ശ്രദ്ധേയം.