കുവൈത്ത് തീപിടുത്തം: പരിക്കേറ്റ 61 ജീവനക്കാർക്ക് ധനസഹായം കൈമാറി എൻബിടിസി കമ്പനി

By: 600007 On: Jul 4, 2024, 5:40 PM

 

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ 61 ജീവനക്കാർക്ക് പ്രഖ്യാപിച്ച സഹായധനം എൻബിടിസി കമ്പനി വിതരണം ചെയ്തു. 1000 കുവൈത്ത് ദിനാർ വീതമാണ് വിതരണം ചെയ്തത്. പരിക്കേറ്റ ജീവനക്കാരുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.  നിലവിൽ 2 പേർ മാത്രമാണ് ചികിത്സയിലുള്ളത്.  പരിക്കേറ്റവർ നിലവിൽ പ്രത്യേകം ഒരുക്കിയ താമസ കേന്ദ്രത്തിലാണുള്ളത്. കഴിഞ്ഞ മാസം 12 -ന് പുലര്‍ച്ചെയാണ് കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടുത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 49 പേരാണ് അഗ്‌നിബാധയില്‍ മരിച്ചത്. 24 മലയാളികളാണ് ദുരന്തത്തിൽ മരിച്ചത് 

ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.20 കോടി രൂപ ധനസഹായം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൈമാറിയിരുന്നു.  മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. ഓരോ കുടുംബത്തിനും അ‌ഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കുക. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരും കുവൈത്ത് ഭരണകൂടവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.