ഞാൻ തന്നെയാണ് ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി, മത്സരത്തിൽനിന്ന് പിന്മാറില്ല’: നിലപാട് വ്യക്തമാക്കി ജോ ബൈഡൻ

By: 600007 On: Jul 4, 2024, 5:21 PM

വാഷിങ്ടൺ: അമേരിക്കയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി താന്‍ തന്നെ തുടരുമെന്ന് ജോ ബൈഡൻ. അദ്ദേഹം പിന്മാറുന്നുവെന്ന വാർത്തകൾ വരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ബൈഡൻ തന്നെ രംഗത്തെത്തിയത്.

ഇന്നലെ ന്യൂയോർക് ടൈംസ് ദിനപ്പത്രമാണ് ബൈഡന് പകരം മറ്റൊരാളെ ഡെമോക്രാറ്റിക് പാർട്ടി തേടുന്നതായി വാർത്ത കൊടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച അറ്റ്ലാൻ്റയിൽ ഡൊണാൾഡ് ട്രംപുമായി നടത്തിയ ആശയ സംവാദത്തിന് പിന്നാലെ ബൈഡൻ തൻ്റെ അടുത്ത അനുയായിയോട് പ്രസിഡൻ്റ് പദത്തിൽ മത്സരത്തിൽ നിന്ന് പിന്മാറാൻ താത്പര്യം അറിയിച്ചുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വൈറ്റ് ഹൗസ് ഈ വാർത്ത പൂർണമായും തള്ളി.

സംവാദത്തിൽ പിന്നോട്ടുപോയെന്നതു ശരിയാണ്. എന്നാൽ സംവാദത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല ഭരണകാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകണം തന്നെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർഥിച്ചു. ‘‘ഞാൻ തന്നെയാണ് ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി. എന്നെ മാറ്റാൻ ആരും ശ്രമിക്കുന്നില്ല. ഞാൻ പുറത്തുപോകുന്നുമില്ല. ഞാൻ മത്സരരംഗത്തുണ്ടാകും.’’–ബൈഡൻ പറഞ്ഞു.