ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണം: 200 റോക്കറ്റുകളും 20 ​ഡ്രോണുകളും വിക്ഷേപിച്ചു

By: 600007 On: Jul 4, 2024, 5:12 PM

 

ബെയ്റൂത്ത്: ലെബനാനിൽനിന്ന് ഇസ്രായേലിലേക്ക് 200ന് മുകളിൽ റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹിസ്ബുല്ല. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് വ്യാഴാഴ്ച ആക്രമണം നടത്തിയത്. ബുധനാഴ്ച ഹിസ്ബുല്ലയുടെ സീനിയർ കമാൻഡർ മുഹമ്മദ് നിമാഹ് നാസർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ആക്രമണം. ഒമ്പത് മാസത്തിനിടെ കൊല്ലപ്പെടുന്ന ഹിസ്ബുല്ലയുടെ മൂന്നാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് നാസർ.

ഇസ്രായേലിലെ നിരവധി സൈനിക കേന്ദ്രങ്ങളിൽ 200 ലധികം മിസൈലുകൾ വിക്ഷേപിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ഗസ്സയിൽ യുദ്ധം ആരംഭിച്ചശേഷം ഇസ്രായേലിനെതിരെ ഹിസ്ബുല്ല നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അധിനിവേശ സിറിയൻ ഗോലാൻ കുന്നുകൾ, അൽ ജലീലി മേഖല, സഫദ്, നഹാരിയ തുടങ്ങിയ പുതിയ കേന്ദ്രങ്ങളെയും ഹിസ്ബുല്ല വ്യാഴാഴ്ച ആക്രമിച്ചു. കത്യുഷ റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കൂടാതെ ബുർക്കാൻ മിസൈൽ ഉപയോഗിച്ചും ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു.

വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ഇതിൽ ഏതാനും റോക്കറ്റുകളും ഡ്രോണുകളും വെടിവച്ചിട്ടതായി ​ഐ.ഡി.എഫ് അവകാശപ്പെട്ടു. പിന്നാലെ, തെക്കൻ ലബനാനിലെ വിവിധ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി തിരിച്ചടിച്ചതായും ഇസ്രായേൽ അറിയിച്ചു