ബുദ്ധിമതിയായ കോഴി; ലോക റെക്കോര്‍ഡ് സ്വന്തമാക്കി ബീസിയിലെ ലേസി എന്ന പിടക്കോഴി 

By: 600002 On: Jul 4, 2024, 12:01 PM


ബ്രിട്ടീഷ് കൊളംബിയയിലെ ഗബ്രിയോള ഐലന്‍ഡിലെ ലേസി എന്ന കോഴി ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. ലേസി മറ്റ് കോഴികളെ പോലെയല്ല, അതിബുദ്ധിമതിയും സ്മാര്‍ട്ടുമാണ്. വ്യത്യസ്തമായ അക്കങ്ങളും നിറങ്ങളും അക്ഷരങ്ങളും ലേസിക്ക് തിരിച്ചറിയാന്‍ സാധിക്കും. ആറ് അക്ഷരങ്ങളും അക്കങ്ങളും നിറങ്ങളുമാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കാനായി ലേസി കൃത്യമായി തിരിച്ചറിഞ്ഞത്. വെറും ഒരു മിനിറ്റ് മാത്രമാണ് ലെസി ഇതിനായി എടുത്തത്. 

വെറ്ററിനറി ഡോക്ടറായ എമിലി കാരിംഗ്ടണ്‍ ആണ് ലേസിയുടെ ഉടമ. കോഴികള്‍ ശരിക്കും മിടുക്കരാണെന്നാണ് എമിലി പറയുന്നത്. അക്കങ്ങളും അക്ഷരങ്ങളും നിറങ്ങളും തിരിച്ചറിയാന്‍ അഞ്ച് വര്‍ഷമാണ് താന്‍ കോഴികളെ പരിശീലിപ്പിച്ചതെന്ന് എമിലി പറയുന്നു. കോഴികളോട് തെരഞ്ഞെടുക്കാന്‍ പറയുന്ന അക്കങ്ങളും അക്ഷരങ്ങളും നിറങ്ങളും കൃത്യമായി അവ തെരഞ്ഞെടുക്കുന്നുണ്ടെന്നും അത് ശരിയായ പരിശീലനത്തിലൂടെ സാധിച്ച കാര്യമാണെന്നും എമിലി പറഞ്ഞു. 

ലോക റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള പരീക്ഷണത്തില്‍ എമിലി പരിശീലിപ്പിച്ച എല്ലാ കോഴികളും പങ്കെടുത്തിരുന്നു. എന്നാല്‍ ഇതില്‍ ലേസിയാണ് കൃത്യസമയം കൊണ്ട് കൃത്യമായി എല്ലാം തെരഞ്ഞെടുത്ത് ലോക റെക്കോര്‍ഡില്‍ ഇടം നേടിയത്.