ബഹിരാകാശത്തേക്ക് കുതിക്കാന്‍ ഇന്ത്യന്‍ വംശജ; കാനഡയില്‍ നിന്നും വിര്‍ജിന്‍ ഗാലക്റ്റിക് ദൗത്യത്തില്‍ പങ്കുചേര്‍ന്ന് ഡോ. ഷൗന പാണ്ഡ്യ 

By: 600002 On: Jul 4, 2024, 11:42 AM

 

 

ഇന്ത്യന്‍ വംശജരായ രണ്ട് വനിതാ ബഹിരാകാശ സഞ്ചാരികളാണ് കല്‍പ്പനാ ചൗളയും സുനിതാ വില്യംസും. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഇവരുടെ പിന്നാലെ തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഇന്‍ഡോ-കനേഡിയന്‍ ബഹിരാകാശ സഞ്ചാരിയായ ഡോ. ഷൗന പാണ്ഡ്യ. മാനിറ്റോബയിലെ ബ്രാന്‍ഡണ്‍ സ്വദേശിയായ ഷൗന എഡ്മന്റണില്‍ ഫിസിഷ്യനും സ്‌പേസ് സയന്റിസ്റ്റായും പ്രവര്‍ത്തിക്കുകയാണ്. അയര്‍ലണ്ടിലെ ഡോ.നോറ പാറ്റന്‍, കെല്ലി ജെറാര്‍ഡി എന്നിവരോടൊപ്പം ഡെല്‍റ്റ ക്ലാസ് ബഹിരാകാശ പേടകത്തില്‍ വിര്‍ജിന്‍ ഗലാക്റ്റിക് ദൗത്യത്തിലാണ് ഷൗന ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. 2026 ലാണ് ദൗത്യത്തിന് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഷൗന പറയുന്നു. 

ആല്‍ബെര്‍ട്ട സര്‍വകലാശാലയില്‍ നിന്നും ന്യൂറോ സയന്‍സില്‍ ബിരുദം നേടിയ ഷൗന ഫ്രാന്‍സിലെ ഇന്റര്‍നാഷണല്‍ സ്‌പേസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി. പഠനത്തിന് ശേഷം ഷൗന പാണ്ഡ്യ നിരവധി സ്‌പേസ്, മെഡിക്കല്‍, ടെക്‌നോളജി കമ്പനികളില്‍ മെഡിക്കല്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചു. ബഹിരാകാശ യാത്ര എന്നത് കുട്ടിക്കാലം മുതല്‍ സ്വപ്‌നം കാണുന്നതാണെന്ന് ഷൗന പറയുന്നു. ഫ്‌ളൈറ്റ് സര്‍ജന്മാര്‍ക്കും ഫിസിയോളജിസ്റ്റുകള്‍ക്കും ബയോമെഡിക്കല്‍ എഞ്ചിനിയര്‍മാര്‍ക്കും ഒപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ ബഹിരാകാശത്തെക്കുറിച്ചും യാത്രയെക്കുറിച്ചും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിച്ചുവെന്നും അവര്‍ പറഞ്ഞു. 

ഷൗന പാണ്ഡ്യ സ്‌പേസ് മെഡിസിന്‍ ഡയറക്ടറായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആസ്‌ട്രോനോട്ടിക്കള്‍ സയന്‍സസും(IIAS) വിര്‍ജിന്‍ ഗാലക്റ്റിക്കും പങ്കാളിത്തം വഹിക്കുന്ന ദൗത്യത്തിലാണ് ഷൗനയെ തെരഞ്ഞെടുത്തിരിക്കുന്നത്. കാനഡയില്‍ നിന്നുള്ള ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയാണ് പാണ്ഡ്യ. 2015 ല്‍ സീറോ ഗ്രാവിറ്റിയില്‍ വാണിജ്യ ബഹിരാകാശ സ്യൂട്ട് പരീക്ഷിച്ച ആദ്യ ക്രൂവിന്റെ ഭാഗമായിരുന്നു ഷൗന.