കാല്‍ഗറിയില്‍ ഭവന വില്‍പ്പന 2020 മുതല്‍ റെക്കോര്‍ഡ് നിരക്കിലാണ് വര്‍ധിക്കുന്നത്. കാനഡയിലുടനീളം ഭവന വില്‍പ്പനയില്‍ ആല്‍ബെര്‍ട്ടയിലെ രണ്ട് നഗരങ്ങള്‍ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ സൂകാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 നും 2024 നും ഇടയില്‍ കാല്‍ഗറിയിലും എഡ്മന്റണിലും ഭവന വില്‍പ്പന 146 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രവിശ്യയില്‍ ജനസംഖ്യാ നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. വര്‍ധിക്കുന്ന ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഭവന വില്‍പ്പനയും വലിയ നിരക്കില്‍ വര്‍ധിക്കും.
2023 ജനുവരിക്കും 2024 നും ഇടയില്‍ പ്രവിശ്യയിലേക്ക് 202,234 ആളുകളാണ് ഒഴുകിയെത്തിയത്. ഇതോടെ പ്രവിശ്യയിലെ ജനസംഖ്യ 4.4 ശതമാനം വര്‍ധിച്ചു. 1981 ന് ശേഷം പ്രവിശ്യയില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന ഭവന വില്‍പ്പനയാണ് സമീപ വര്‍ഷങ്ങളിലായി നടക്കുന്നതെന്നും ഇത് മേഖലയുടെ ഭാവി വളര്‍ച്ചയുടെ സൂചകമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മറ്റ് പ്രധാന കനേഡിയന്‍ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ 'ആല്‍ബെര്‍ട്ട ഈസ് കോളിംഗ്' എന്ന പ്രചാരണം പ്രവിശ്യയിലെ അഫോര്‍ഡബിള്‍ ഹൗസിംഗ് മാര്‍ക്കറ്റിന് പ്രയോജനകരമായിട്ടുണ്ട്. താരതമ്യേന കുറഞ്ഞ ജീവിതച്ചെലവും കാല്‍ഗറിയിലെ പ്രധാന ആകര്‍ഷണീയതയായിരുന്നു. 2024 മെയ് വരെ, കാല്‍ഗറിയിലെ റെസിഡന്‍ഷ്യല്‍ ഹോം വില 587,100 ഡോളറാണ്. എഡ്മന്റണില്‍ 392,700 ഡോളറാണ് നിരക്ക്.