ഭവന പ്രതിസന്ധി: ഭൂരിഭാഗം കുടിയേറ്റക്കാരും കാനഡ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Jul 4, 2024, 9:20 AM

 


പുതുതായി വരുന്നവരെ സ്വാഗതം ചെയ്യുന്ന രാജ്യമെന്ന നിലയില്‍ കാനഡ പ്രശസ്തിയാര്‍ജിച്ചതാണ്. എന്നാല്‍ സമീപവര്‍ഷങ്ങളില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഭവന പ്രതിസന്ധി കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്നുണ്ട്. ഇത് കുടിയേറ്റക്കാരുടെ ഭാവി ജീവിതത്തെയും അപകടത്തിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ കാനഡയിലുടനീളം നിലനില്‍ക്കുന്ന ഭവന പ്രതിസന്ധി പുതിയ കുടിയേറ്റക്കാരെ മറ്റ് രാജ്യങ്ങളിലേക്കോ നിലവിലെ പ്രവിശ്യ ഉപേക്ഷിച്ച് മറ്റൊരു പ്രവിശ്യയിലേക്കോ കുടിയേറാന്‍ പ്രേരിപ്പിക്കുന്നതായി കണ്ടെത്തി. കൂടുതല്‍ കുടിയേറ്റക്കാര്‍ വിദേശത്ത് നിന്ന് കാനഡയിലേക്ക് എത്തുന്നത് സ്വപ്‌നം കാണുമ്പോള്‍ സമീപ വര്‍ഷങ്ങളില്‍ കാനഡയില്‍ എത്തിയ പലര്‍ക്കും രാജ്യത്ത് താമസിക്കുക എന്നത് പേടിസ്വപ്‌നമായി മാറിയതായി സര്‍വേയില്‍ പറയുന്നു. 

എന്നാല്‍ പുതിയ കുടിയേറ്റക്കാര്‍ മാത്രമല്ല, സര്‍വേയില്‍ പങ്കെടുത്ത കനേഡിയന്‍ പൗരന്മാരില്‍ 28 ശതമാനം പേര്‍ തങ്ങളുടെ പ്രവിശ്യയില്‍ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് കുടിയേറുന്നത് പരിഗണിക്കുന്നതായി പറഞ്ഞു. വീട് വാങ്ങുന്നതിനും വാടകയ്ക്ക് എടുക്കുന്നതിനും വലിയ തുക ഈടാക്കുന്ന ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യകളില്‍ നിന്നും പുതിയ കുടിയേറ്റക്കാരുടെ കൂട്ട പലായനത്തിന് സാധതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന ഭവന നിര്‍മാണ ചെലവ് കാരണം 40 ശതമാനത്തോളം പുതിയ കുടിയേറ്റക്കാര്‍ ഇപ്പോള്‍ ഉള്ള പ്രവിശ്യയില്‍ നിന്നും ആല്‍ബെര്‍ട്ടയിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി. 

തങ്ങള്‍ നിലവില്‍ താമസിക്കുന്ന പ്രവിശ്യയില്‍ നിന്നും മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് പറയുന്നവരില്‍ 15 ശതമാനം പേര്‍ അമേരിക്കയിലേക്ക് പോകുമെന്ന് പറഞ്ഞു. 28 ശതമാനം പേര്‍ അമേരിക്കയല്ലാതെ മറ്റ് രാജ്യത്തേക്ക് മാറുമെന്നും സര്‍വേയില്‍ വ്യക്തമാക്കി.

അതേസമയം, മറ്റ് പ്രവിശ്യകളിലേക്ക് മാറുമെന്ന് പറഞ്ഞവരില്‍ 18 ശതമാനം പേര്‍ ആല്‍ബെര്‍ട്ടയിലേക്ക് മാറുമെന്ന് പ്രതികരിച്ചു. 10 ശതമാനം പേര്‍ അറ്റ്‌ലാന്റിക് കാനഡയിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചു. ആറ് ശതമാനം പേര്‍ ബീസിയിലേക്കും നാല് ശതമാനം പേര്‍ ഒന്റാരിയോയിലേക്കും മാറുമെന്ന് പറഞ്ഞു.