യൂട്ടിലിറ്റി ബില്ലുകളില്‍ റിന്യൂവബിള്‍ നാച്വറല്‍ ഗ്യാസും ഉള്‍പ്പെടുത്തിയതായി ഫോര്‍ട്ടിസ് ബിസി 

By: 600002 On: Jul 3, 2024, 1:08 PM

 


ജൂലൈ 1 മുതല്‍ പ്രവിശ്യയിലെ റെസിഡന്‍ഷ്യല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ബില്ലുകളില്‍ ഒരു ശതമാനം റിന്യൂവബിള്‍ നാച്വറല്‍ ഗ്യാസ് ഉള്‍പ്പെടുത്തിയതായി കാണാമെന്ന് ഫോര്‍ട്ടിസ് ബിസി അറിയിച്ചു. തങ്ങളുടെ റെസിഡന്‍ഷ്യല്‍ ഉപഭോക്താക്കളുടെ പ്രകൃതിവാതകത്തിന്റെ ഒരു ഭാഗം RNG യിലേക്ക് സ്വയമേവ മാറ്റുന്ന നോര്‍ത്ത് അമേരിക്കയിലെ ആദ്യ യൂട്ടിലിറ്റിയായി മാറിയതായി ഫോര്‍ട്ടിസ് ബിസി പറയുന്നു.

പ്രകൃതി വാതകത്തിന്റെ ഫോസില്‍ ഇന്ധനമല്ലാത്ത രൂപമാണ് RNG. സാധാരണയായി കൂറ്റന്‍ മാലിന്യക്കൂമ്പാരങ്ങള്‍, കാര്‍ഷിക മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മീഥേന്‍ ഉപയോഗിച്ചാണ് RNG  ഉല്‍പ്പാദിപ്പിക്കുന്നത്. പരമ്പരാഗത പ്രകൃതി വാതകത്തേക്കാള്‍ RNG വിലയേറിയതാണെങ്കിലും ഇത് കൂടുതല്‍ കാലാവസ്ഥാ സൗഹാര്‍ദ്ദപരമാണ്. കൂടാതെ ഇത് ഉപയോഗിക്കുമ്പോള്‍ ട്രാന്‍സ്മിഷന്‍ ഇന്‍ഫ്രാസ്ട്രക്ചറിലോ വീട്ടുപകരണങ്ങളിലോ ചെലവേറിയ മാറ്റങ്ങളൊന്നും ആവശ്യമായി വരുന്നില്ല. ഈ മാറ്റം മൂലം ഉപഭോക്താക്കള്‍ക്ക് ബില്ലുകളില്‍ ചെലവ് വര്‍ധിക്കില്ലെന്ന് ഫോര്‍ട്ടിസ് ബിസി പറയുന്നു. 

RNG  ബില്ലിലെ സ്റ്റോറേജ്, ട്രാന്‍സ്‌പോര്‍ട്ട് ലൈന്‍ ഇനത്തില്‍ ഉള്‍പ്പെടുത്തും. കൂടാതെ ഉപഭോക്താക്കള്‍ക്ക് ഗ്യാസ് വിഭാഗത്തില്‍ കാര്‍ബണ്‍ ടാക്‌സ് ക്രെഡിറ്റ് കാണുകയും അത് RNG ആയി സ്വയമേവ മാറുകയും ചെയ്യുമെന്ന് ഫോര്‍ട്ടിസ് ബിസി വ്യക്തമാക്കി.