കടകളില്‍ നിന്നും വിലകൂടിയ വസ്തുക്കള്‍ മോഷ്ടിച്ചു: ബീസിയില്‍ പിടിയിലായ സ്ത്രീയെയും പുരുഷനെയും നാടുകടത്തുമെന്ന് ആര്‍സിഎംപി 

By: 600002 On: Jul 3, 2024, 12:43 PM

 

 

ബ്രിട്ടീഷ് കൊളംബിയയില്‍ ഷോപ്പ്‌ലിഫ്റ്റിംഗ് തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ സ്ത്രീയെയും പുരുഷനെയും നാടുകടത്തുമെന്ന് ആര്‍സിഎംപി അറിയിച്ചു. ഒന്റാരിയോ സ്വദേശികളായ നിക്കോലെറ്റ റുസു(51)എമില്‍ മരിയന്‍ സ്റ്റാന്‍(39) എന്നിവരെയാണ് നാടുകടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. മെയിന്‍ലാന്‍ഡില്‍ ഉടനീളമുള്ള ഷോപ്പുകളില്‍ നിന്നും വിലകൂടിയ വസ്തുക്കളും ഉല്‍പ്പന്നങ്ങളുമാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. 

ആറ് മാസത്തോളം ഇവര്‍ മോഷണം തുടര്‍ന്നതായി ആര്‍സിഎംപി പറയുന്നു. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സ്‌റ്റോറുകളില്‍ നിന്നും സാധനങ്ങള്‍ അതിവിദഗ്ധമായി മോഷ്ടിച്ചത്. സെക്യൂരിറ്റി അലാറം സിസ്റ്റം തകരാറിലാക്കുന്ന സംവിധാനങ്ങളുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍  മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് 53,000 ഡോളര്‍ വില വരും.  ഹൈ എന്‍ഡ് സുഗന്ധ ദ്രവ്യ ഉല്‍പ്പന്നങ്ങളും അത്‌ലറ്റിക് വസ്ത്രങ്ങളും മോഷ്ടിക്കപ്പെട്ട ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. 

സറേയിലും, അബോട്ട്‌സ്‌ഫോഡിലു ലാംഗ്ലിയിലും സമാനമായ മോഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സറേ ആര്‍സിഎംപി കമ്മ്യൂണിറ്റി റെസ്‌പോണ്‍സ് യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയും ഫെബ്രുവരിയില്‍ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്കെതിരെ മോഷണക്കുറ്റമടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 

എല്ലാ കുറ്റങ്ങളും സമ്മതിച്ച ഇവരെ ജയില്‍ വാസത്തിന് ശേഷം നാടുകടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്.