ബെറില്‍ ചുഴലിക്കാറ്റ്: ഹെയ്തിയിലേക്കും കരീബിയന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് കനേഡിയന്‍ പൗരന്മാര്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ് 

By: 600002 On: Jul 3, 2024, 11:32 AM

 


കരീബിയന്‍ രാജ്യങ്ങളില്‍ ബെറില്‍ ചുഴലിക്കാറ്റ് ഉയര്‍ത്തുന്ന ഭീഷണിയെ തുടര്‍ന്ന് ഹെയ്തിലേക്കും മറ്റ് കരീബിയന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് കനേഡിയന്‍ പൗരന്മാര്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ശക്തിയേറിയ ബെറില്‍ ചുഴലിക്കാറ്റില്‍ കരീബിയന്‍ രാജ്യങ്ങള്‍ വിറങ്ങലിച്ചിരിക്കുകയാണ്. കാറ്റഗറി-5 വിഭാഗത്തിലാണ് ബെറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കരീബിയന്‍ തീരത്ത് ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ നാല് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ദുരിതം വിതച്ച ചുഴലിക്കാറ്റ് ജമൈക്കന്‍ തീരത്തേക്ക് അടുക്കുകയാണ്. അതിനാല്‍ ഹെയ്തി, കേമാന്‍ ഐലന്‍ഡ്‌സ്, ജമൈക്ക, സെന്റ് വിന്‍സെന്റിലെ യൂണിയന്‍ ഐലന്‍ഡ്, ഗ്രെനഡൈന്‍സ്, കാരിയാകു, പെറൈറ്റ് മാര്‍ട്ടിനിക് എന്നിവടങ്ങളിലേക്കുള്ള എല്ലാ അനാവശ്യ യാത്രകളും ഒഴിവാക്കാന്‍ ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. പൗരന്മാര്‍ക്ക് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ആവശ്യാനുസരണം കോണ്‍സുലര്‍ അസിസ്റ്റന്‍സ് നല്‍കാന്‍ തയാറാണെന്നും പ്രസ്താവനയില്‍ അറിയിച്ചു. 

ജമൈക്കയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും ഗ്രാന്‍ഡ് കേമാന്‍, ലിറ്റില്‍ കേമാന്‍, കേമാന്‍ ബ്രാക്ക് എന്നിവടങ്ങളില്‍ ചുഴലിക്കാറ്റ് നിരീക്ഷണവും നിലവിലുണ്ട്.  ചൊവ്വാഴ്ച ബെറിലിന് തീവ്രത കുറയുമെന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ബുധനാഴ്ച ജമൈക്കയ്ക്കും വ്യാഴാഴ്ച കേമാന്‍ ഐലന്‍ഡിനും വെള്ളിയാഴ്ച മെക്‌സിക്കോയിലെ യുകാറ്റന്‍ പെനിന്‍സുലയ്ക്കും സമീപം കടന്നുപോകുമ്പോള്‍ ശക്തിയേറുമെന്ന് യുഎസ് നാഷണല്‍ ഹരിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു.